Top

നടി സുരഭി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

14 April 2022 8:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടി സുരഭി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു
X

കോഴിക്കോട്: ജീപ്പ് ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്ന് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് നടി സുരഭി ലക്ഷ്മിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് പട്ടാമ്പി സ്വദേശിയായ മുസ്തഫ മരിച്ചത്. വീടു വിട്ടിറങ്ങിയ ഭാര്യയെയും കുഞ്ഞിനെയും തേടി ഇറങ്ങിയതായിരുന്നു മുസ്തഫ.

ജീപ്പ് ഓടിക്കവെ കുഴഞ്ഞ് വീണ് റോഡില്‍ ആരും സഹായിക്കാനില്ലാതെ കുടുങ്ങിയപ്പോള്‍ നടി സുരഭിയാണ് ഇദ്ദേഹത്തെ സഹായിച്ചത്. സുരഭി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വഴി തെറ്റി ന​ഗരത്തിൽ കുടുങ്ങിയ യുവതിയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയതായിരുന്നു മുസ്തഫ. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നും മാനസിക വെല്ലുവിളി നേരിടുന്ന യുവതി കുഞ്ഞിനെയും കൊണ്ട് പുറത്തു പോവുകയായിരുന്നു. എന്നാലിവർ ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലേക്ക് തിരിച്ചെത്തിയില്ല.

തുടർന്ന് ഭർത്താവ് മുസ്തഫ ഇളയ കുഞ്ഞിനെയും കൂട്ടി ജീപ്പിൽ ടൗണിൽ അന്വേഷിച്ചിറങ്ങി. രണ്ട് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. എന്നാൽ ഇരുട്ടും വരെ തിരഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനായില്ല. ഒടുവിൽ പൊലീസിൽ പരാതി നൽകി വീട്ടിലേക്ക് മടങ്ങി. ഇതിനിടയിൽ വഴിയറിയാതെ കുടുങ്ങിയ യുവതിയും കുഞ്ഞും മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി. സംസാരത്തിൽ അസ്വഭാവികത തോന്നിയതോടെ ഇരുവർക്കും ഭക്ഷണം നൽകി സ്റ്റേഷനിൽ ഇരുത്തി. യുവതിയുടെ പക്കൽ നിന്നും ഭർത്താവിന്റെ ഫോൺ നമ്പർ വാങ്ങി വിളിച്ചു. കാര്യം പറഞ്ഞു കഴിയുമ്പോഴേക്കും ഫോൺ ഓഫായി.

ഒടുവിൽ ഇളയ കുഞ്ഞിനെയും സുഹൃത്തുക്കളെയും കൂട്ടി ഇയാൾ രാത്രി പൊലീസ് സ്റ്റേഷനിലേക്ക് ജീപ്പിൽ പുറപ്പെട്ടു. രാത്രി 10 മണിയോടെ തൊണ്ടയാട് മേൽപ്പാലത്തിന് താഴെയെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട് വാഹനത്തിൽ കുഴഞ്ഞു വീണു. ഒപ്പമുള്ള കൂട്ടുകാർക്ക് ഡ്രൈവിങ് അറിയില്ലായിരുന്നു. റോഡിൽ നിരവധി വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ആരും വണ്ടി നിർത്തിയില്ല. ഇതിനിടെയാണ് ന​ഗരത്തിലെ ഒരു ഇഫ്താർ കഴിഞ്ഞ് സുരഭി ലക്ഷ്മി കാറിൽ ഈ വഴി പോയത്.

വാഹനം നിർത്തി സുരഭി കാര്യം അന്വേഷിച്ചു. ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് കാര്യമറിയിക്കുകയും പൊലീസെത്തി യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. സുരഭിയും കൂടെപ്പോയി. ശേഷം യുവാവിന്റെ കൂടെയുള്ള ഇളയ കുഞ്ഞിനെയും കൂട്ടി സുരഭി പൊലീസ് സ്റ്റേഷനിലേക്ക് പോയി. കുഞ്ഞിനെ സ്റ്റേഷനിലുള്ള അമ്മ തിരിച്ചറിയുകയും ചെയ്തു.

story highlight: man who helped by Surabhi Lakshmi died in Calicut medical college

Next Story