Top

'കറുത്ത കുപ്പായത്തോടുള്ള അവസാനത്തെ ഇഷ്ടവും ഇല്ലാതാകുന്നു'; ബാര്‍ കൗണ്‍സില്‍ നടപടിയില്‍ സനല്‍ കുമാര്‍ ശശിധരന്‍

'അഭിഭാഷക വൃത്തിയോട് വല്ലാത്ത അഭിനിവേശം ഉണ്ടായിരുന്നു'

25 April 2022 9:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കറുത്ത കുപ്പായത്തോടുള്ള അവസാനത്തെ ഇഷ്ടവും ഇല്ലാതാകുന്നു; ബാര്‍ കൗണ്‍സില്‍ നടപടിയില്‍ സനല്‍ കുമാര്‍ ശശിധരന്‍
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ നടപടികളുമായി മുന്നോട്ട് പോകുന്ന ബാര്‍ കൗണ്‍സില്‍ നടപടിക്കെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. കേസില്‍ എതിര്‍കക്ഷിയുടെ അഭിഭാഷകന്‍ തെളിവ് നശിപ്പിക്കാനും കള്ളത്തെളിവ് ഉണ്ടാക്കാനും കൂട്ടു നിന്ന കഥകള്‍ പുറത്ത് വന്നു. തെറ്റെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാകുന്ന സീനിയര്‍ അഭിഭാഷകന്റെ പ്രവൃത്തിയെ സംരക്ഷിക്കുവാന്‍ ബാര്‍ കൗണ്‍സില്‍ ശബ്ദമുയര്‍ത്തുകയാണ്. ഇത് കാണുമ്പോള്‍ കറുത്ത കുപ്പായത്തോട് അവസാനത്തെ ഇഷ്ടവും ഇല്ലാതാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. സിനിമകളും, ഗാന്ധിജിയുടെ ആത്മകഥയും അഭിഭാഷക ജോലി ചെയ്യുന്ന മമ്മൂട്ടിയും തന്നെ നിയമം പഠിക്കാന്‍ കൊതിപ്പിച്ചിരുന്നു. അഭിഭാഷക വൃത്തിയോട് വല്ലാത്ത അഭിനിവേശം ഉണ്ടായിരുന്നു. എന്നാല്‍ പഠനം കഴിഞ്ഞ് അധികം താമസിയാതെ ജോലിയോടുള്ള ആവേശം അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് കാരണമായ സംഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രാക്ടീസ് തുടങ്ങിയപ്പോള്‍ ഒരു പ്രഗത്ഭ അഭിഭാഷകന്റെ എതിര്‍ കക്ഷിയായുള്ള കേസില്‍ അഡ്വക്കേറ്റ് കമ്മീഷണറായി നിയമിതനായി. അതില്‍ മുതിര്‍ന്ന അഭിഭാഷകന് അനുകൂലമായി കണ്ടെത്തല്‍ എഴുതണമെന്നായിരുന്ന് സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍ താന്‍ അത് അനുസരിച്ചില്ലെന്നും ജഡ്ജിയുടെ ചേംബറില്‍ വിളിച്ച് അതിന് ശകാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്നെ ഉലച്ചുകളഞ്ഞു. അതിന് ശേഷം കുറേക്കാലം അഭിഭാഷകനായി ജോലി ചെയ്‌തെങ്കിലും പഠിക്കുന്ന കാലത്തെ അഭിനിവേശം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സനല്‍ കുമാര്‍ ശശിധരന്റെ വാക്കുകള്‍:
അഴിച്ചുവെച്ച കുപ്പായങ്ങള്‍!

അഭിഭാഷകവൃത്തിയോട് വല്ലാത്ത ഒരു അഭിനിവേശമുണ്ടായിരുന്നു എനിക്ക്. സിനിമകള്‍ കണ്ടുണ്ടായ ചോരത്തിളപ്പ് മാത്രമല്ല കാരണം. 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' വരച്ചിട്ട ഗാന്ധിയും വക്കീല്‍ എന്ന തലയെടുപ്പോടെ സിനിമയിലേക്ക് ചുവടുവെച്ച മമ്മൂട്ടിയും നിയമം പഠിക്കാന്‍ എന്നെ കൊതിപ്പിച്ചിരുന്നു. പക്ഷേ പഠനം കഴിഞ്ഞ് അധികം താമസിയാതെ അഭിഭാഷകവൃത്തിയോടുള്ള ആവേശം അവസാനിച്ചു. പ്രാക്ടീസ് തുടങ്ങിയപ്പോള്‍ കോടതിയില്‍ നിന്നും ആദ്യമായി എനിക്ക് കിട്ടിയ അഡ്വക്കേറ്റ് കമ്മീഷന്‍ ഉത്തരവ് നല്‍കിയ അനുഭവം കൈപ്പേറിയതായിരുന്നു. ഒരു പ്രഗത്ഭനായ അഭിഭാഷകന്‍ എതിര്‍ കക്ഷിയായുള്ള കേസിലായിരുന്നു ഞാന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ ആയി നിയമിതനായത്. അഭിഭാഷകന്റെ വീടിനുപിന്നില്‍ നിന്നുമുള്ള അഴുക്കുവെള്ളം വാദിയുടെ വസ്തുവിലേക്ക് വീഴുന്നത് പരിശോധിക്കുകയായിരുന്നു എന്റെ ദൗത്യം. വക്കീലിന്റെ മലിനജലം വാദിയുടെ വസ്തുവില്‍ വീഴുന്നില്ല എന്നെഴുതണമെന്ന് പ്രഗത്ഭനായ മുതിര്‍ന്ന അഭിഭാഷകന്‍ അദ്ദേഹത്തിന്റെ ഗുമസ്ഥന്‍ വഴി എന്നോട് ശുപാര്‍ശ ചെയ്തു. അത് അനുസരിക്കാത്തതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ എന്നെ ഉലച്ചുകളഞ്ഞു. എന്നെ ജഡ്ജിയുടെ ചേമ്പറില്‍ വിളിപ്പിച്ച് ശകാരിക്കുന്നതുവരെ എത്തിച്ചു ആ സംഭവം. നീതിന്യായം എന്നത് കരുണയില്ലാത്ത ഒരു കറുത്ത കുപ്പായം മാത്രമാണെന്ന് ആദ്യമായി എനിക്ക് അന്ന് തോന്നി. അതിനുശേഷവും വളരെ കാലം ഞാന്‍ വക്കീല്‍പ്പണി തുടര്‍ന്നെങ്കിലും പഠിക്കുന്ന കാലത്തുണ്ടായിരുന്ന അഭിനിവേശം നഷ്ടപ്പെട്ടിരുന്നു. ഇന്നിപ്പോള്‍ അതിജീവിതയുടെ കേസില്‍ എതിര്‍കക്ഷിയുടെ അഭിഭാഷകന്‍ തെളിവുനശിപ്പിക്കാനും കള്ളത്തെളിവുണ്ടാക്കാനുമൊക്കെ കൂട്ടുനിന്ന കഥകള്‍ പുറത്തുവരുകയും തെറ്റെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസിലാകുന്ന സീനിയര്‍ അഭിഭാഷകന്റെ പ്രവൃത്തിയെ സംരക്ഷിക്കാന്‍ ബാര്‍ കൗണ്‍സില്‍ ശബ്ദമുയര്‍ത്തുന്നത് കാണുകയും ചെയ്യുമ്പോള്‍ അഴിച്ചുവെച്ച കറുത്ത കുപ്പായത്തോടുണ്ടായിരുന്ന അവസാനത്തെ ഇഷ്ടവും ഇല്ലാതാകുന്നു. രസകരമെന്ന് പറയട്ടെ എന്റോള്‍ ചെയ്യുമ്പോള്‍ എടുത്ത ഈ ഫോട്ടോയില്‍ കാണുന്ന ഏതാണ്ട് എല്ലാവരും ആ കുപ്പായം ഉപേക്ഷിച്ചവരാണ്. സുരേഷ്, അജിത, ഹമീമ, സോളന്‍, ദീപ.. അഴിച്ചുവെയ്‌ക്കേണ്ട കുപ്പായങ്ങള്‍ അഴിഞ്ഞുപോകേണ്ടവ തന്നെയാണെന്ന് തോന്നുന്നു. സഹപാഠികളില്‍ വളരെ കുറച്ചുപേര്‍ മാത്രമെ ഇപ്പോള്‍ പ്രാക്ടീസ് ചെയ്യുന്നുള്ളു എന്ന് തോന്നുന്നു. അഭിഭാഷകവൃത്തിയില്‍ വര്‍ഗബോധത്തെക്കാള്‍ നീതിബോധമാണ് തങ്ങളെ നയിക്കേണ്ടതെന്ന് അവര്‍ ചിന്തിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

STORY HIGHLIGHTS: Malayalam Director Sanal Kumar Sasidharan against Bar Council of Kerala who moves forward with the pettition filed by Advocates of Dileep

Next Story