ഭാര്യയേയും മക്കളേയും വാഹനത്തിലേക്ക് വിളിച്ചുവരുത്തി, പെട്രോള്‍ ഒഴിച്ചു'; ഗുഡ്സ് ഓട്ടോയിലുണ്ടായ സ്ഫോടനം ആസൂത്രിതമെന്ന് പൊലീസ്
ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു പ്രാഥമിക വിവരം.
5 May 2022 9:11 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഗുഡ്സ് ഓട്ടോയിലുണ്ടായ സ്ഫോടനം ആസൂത്രിതമെന്ന് പൊലീസ്. ഓട്ടോ ഉടമ മുഹമ്മദ് ആത്മഹത്യാശ്രമം നടത്തിയെന്ന നിഗമനത്തിലാണ് പൊലീസ്. ഭാര്യയേയും കുട്ടികളേയും വാഹനത്തിലേക്ക് വിളിച്ചുവരുത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വാഹനം പുറത്ത് നിന്നും പൂട്ടിയ ശേഷമാണ് മുഹമ്മദ് കൃത്യം നടത്തിയത്. പൊള്ളലേറ്റ മുഹമ്മദ് കഴുത്തില്‍ കയറിട്ട് കിണറ്റിലേക്ക് ചാടുകയായിരുന്നു. മൂവരുടേയും ജീവന് നഷ്ടപ്പെട്ടു.
അഞ്ചു വയസ്സുകാരിയായ രണ്ടാമത്തെ മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു പ്രാഥമിക വിവരം. പെരുന്നാള്‍ പ്രമാണിച്ച് കഴിഞ്ഞ ദിവസം ഭാര്യ ജാസ്മിന്റെ വീട്ടിലെത്തിയതായിരുന്നു കുടുംബം. മുഹമ്മദിന്റെ ഗുഡ്സ് ഓട്ടോയിലായിരുന്നു വന്നത്. ഈ വാഹനത്തില്‍ ഇന്ന് തിരിച്ചു പോകവെയാണ് അപകടമുണ്ടായത്. ഗുഡ്സ് ഓട്ടോയില്‍ നിന്ന് രണ്ട് പേരുടെ മൃതദേഹവും സമീപത്തെ കിണറ്റില്‍ നിന്ന് ഒരു മൃതദേഹവും കണ്ടെത്തി.