Top

'കോടതിയിലുള്ള വിശ്വാസം അവിശ്വാസമാകുന്നു'; പെൺകുട്ടിയുടെ നിയമപരിരക്ഷയെ വെല്ലുവിളിച്ചയാൾക്ക് വീണ്ടും സംരക്ഷണമോയെന്ന് മാല പാർവ്വതി

22 Jun 2022 7:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോടതിയിലുള്ള വിശ്വാസം അവിശ്വാസമാകുന്നു; പെൺകുട്ടിയുടെ നിയമപരിരക്ഷയെ വെല്ലുവിളിച്ചയാൾക്ക് വീണ്ടും സംരക്ഷണമോയെന്ന് മാല പാർവ്വതി
X

കൊച്ചി: യുവനടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നിർമാതാവ് വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിലൂടെ കോടതിയിലുളള വിശ്വാസം നഷ്ടമാവുകയാണെന്ന് നടി മാല പാർവ്വതി. ഒരു പെൺകുട്ടിക്ക് അവർക്ക് ഇഷടമുളള മേഖലയിൽ സുരക്ഷിതമായി ജോലി ചെയ്യാനുളള അവകാശത്തെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. പരാതിക്കാരിയായ പെൺകുട്ടിക്ക് നിയമം നൽകുന്ന പരിരക്ഷയെ വെല്ലുവിളിച്ച ഒരാൾക്ക് വീണ്ടും സംരക്ഷണം നൽകുന്നതായാണ് പൊതു സമൂഹത്തിന് അനുഭവപ്പെടുന്നത്. പത്ത് വർഷത്തിന് മുൻപുളള അതേ അവസ്ഥയിലേക്ക് സമൂഹം വീണ്ടും പോയി കൊണ്ടിരിക്കുകയാണെന്നും മാല പാർവ്വതി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

'വിജയ് ബാബുവിന്റെ കെെയ്യിലുളള തെളിവുകൾ വെച്ച് മുൻകൂർ ജാമ്യം ലഭിച്ചു. എന്നാൽ പെൺകുട്ടിയുടെ കെെയ്യിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ കൃത്യമായ അന്വേഷണം നടന്നാൽ മാത്രമേ സമൂഹത്തിന് ശരിയായ ഒരു സന്ദേശം ലഭിക്കുകയുളളുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. രണ്ട് പേര് തമ്മിൽ പ്രണയത്തിലാവുന്നതോ, ലെെംഗിക ബന്ധത്തിൽ ഏർപ്പെട്ടോ അത്തരം വാദങ്ങളിൽ അന്വേഷണം നടക്കട്ടെ. പക്ഷെ പേര് വെളിപ്പെടുത്തുന്നു എന്ന് പറയുന്നത് ഒരു പ്രവണതയായി മാറും. ഒരു പെൺകുട്ടിക്ക് അവർക്ക് ഇഷടമുളള മേഖലയിൽ സുരക്ഷിതമായി ജോലി ചെയ്യാനുളള അവകാശത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അതിന് വേണ്ടിയുളള ശ്രമങ്ങളാണ് മാധ്യമങ്ങളടക്കം നടത്തുന്നതെന്നാണ് ഞാൻ കരുതുന്നത്. നൽകിയ പരാതിയിൽ ശരിയോ തെറ്റോ കോടതി പറയട്ടെ. പക്ഷെ അതുവരെ ആ പെൺകുട്ടിക്ക് നിയമം നൽകുന്ന പരിരക്ഷയെ വെല്ലുവിളിച്ച ഒരാൾക്ക് വീണ്ടും സംരക്ഷണം നൽകുന്നതായാണ് പൊതു സമൂഹത്തിന് അനുഭവപ്പെടുന്നത്'.

'വിജയ് ബാബുവിന്റെ വാദങ്ങൾ മാത്രം വിശ്വാസത്തിൽ എടുത്താൽ പോരല്ലോ. പെൺകുട്ടിയുടെ വാദങ്ങൾ അറിയാൻ താൽപ്പര്യമുള്ളൊരു പൊതു സമൂഹം വെളിയിലുണ്ട്. എവിടെയാണ് വിചാരണ നടന്നത്? എവിടെയാണ് തീരുമാനം എടുത്തത്? വെല്ലുവിളിയുടെ സ്വഭാവമായിരുന്നു വിജയ് ബാബുവിന്റെ ലെെവിലെ പ്രതികരണത്തിന്. നമ്മുക്ക് സർക്കാരിനെയും പൊലീസിനെയും കോടതിയേയും വിശ്വാസമുണ്ടല്ലോ. പക്ഷെ ആ വിശ്വാസം അവിശ്വാസമായി മാറിക്കൊണ്ടിരിക്കുകയാണ്. ചില കാര്യങ്ങളിൽ സ്വാധീനമുണ്ടെന്ന് തന്നെ വേണം പറയാൻ. ഈ വിഷയത്തിൽ നിസംഗതയാണ്. പത്ത് വർഷത്തിന് മുൻപുളള അതേ അവസ്ഥയിലേക്ക് പോയി കൊണ്ടിരിക്കുകയാണ്'.

ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചത്. വിജയ് ബാബു നാട്ടിൽ ഉണ്ടാകണമെന്ന് കോടതി നിർദ്ദേശിച്ചു. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകേണ്ടി വന്നാൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും വ്യക്തമാക്കി. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാൻ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം.

STORY HIGHLIGHTS: Mala Parvathy against anticipatory bail getting for Vijay babu

Next Story