Top

'ഗവർണർ രാജാവല്ല, രാജ്ഭവൻ കൊട്ടാരവുമല്ല'; പദവികൾക്കായി ബിജെപിക്ക് വിധേയനായി പ്രവർത്തിക്കുന്നെന്ന് എം വി ജയരാജൻ

12 Aug 2022 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവർണർ രാജാവല്ല, രാജ്ഭവൻ കൊട്ടാരവുമല്ല; പദവികൾക്കായി ബിജെപിക്ക് വിധേയനായി പ്രവർത്തിക്കുന്നെന്ന് എം വി ജയരാജൻ
X

കണ്ണൂർ: ​ ഓർഡിനൻസുകൾ മടക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ നടപടിക്കെതിരെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജരാജൻ രം​ഗത്ത്. പുതിയ പദവികൾക്കായി ബിജെപിക്ക് വിധേയനായി പ്രവർത്തിക്കുന്ന ഗവർണർക്ക് ഭരണഘടനാവ്യവസ്ഥകളൊന്നും ബാധകമല്ലെന്നും ജയരാജൻ ആരോപിച്ചു. ഗവർണറുടെ യജമാനന്മാരായ ബിജെപി നേതാക്കൾ മനുസ്മൃതി ഭരണഘടനയാക്കി വിളയാടുന്നു. ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ രീതിയിലാണ് ഗവർണർ പ്രവർത്തിച്ചുവരുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ വിമർശനം.

ഒരുദ്യോഗസ്ഥന് യാതൊരു അമിതാധികാരവുമില്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് ഭരണഘടന അനുഛേദം 163-ൽ പറയുന്നു. അനുഛേദം 213 പ്രകാരം നിയമസഭ സമ്മേളിക്കാത്ത സമയങ്ങളിൽ ഓർഡിനൻസ് കൊണ്ടുവരാൻ വ്യവസ്ഥയുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവർണറെ വ്യവഹാരത്തിൽ കക്ഷിയാക്കാൻ ഭരണഘടനയിൽ വിലക്കുള്ളതിനാൽ എന്തും ചെയ്യാമെന്ന ധിക്കാരം ജനാധിപത്യവിരുദ്ധമാണെന്നും ജയരാജൻ പറഞ്ഞു.

"നിയമസഭ ആഗസ്ത് 22 മുതൽ സമ്മേളിക്കാൻ മന്ത്രിസഭ തീരുമാനിച്ചപ്പോൾ അതിനെ ഗവർണർ സ്വാഗതം ചെയ്തു. എന്നാൽ നിയമസഭ പാസാക്കിയ രണ്ട് ബില്ലുകൾ തടഞ്ഞുവെക്കുകയും ചെയ്തു. ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് മാത്രമല്ല, നിയമസഭയോടുള്ള അവഹേളനം കൂടിയാണ്. ഓർഡിനൻസുകളും നിയമസഭ പാസാക്കുന്ന ബില്ലുകളും രണ്ടും ഗവർണർ തടഞ്ഞുവെക്കുന്നു. ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ ക്രിമി കടിയാണ് ഗവർണർക്കെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ഗവർണറുടെ അംഗീകാരത്തിനയച്ച എല്ലാ ഓർഡിനൻസുകളും നിയമപരിശോധന നടത്തി മന്ത്രിസഭ അംഗീകരിച്ചവയാണ്. ഭരണഘടനക്കോ മറ്റേതെങ്കിലും നിയമത്തിനോ വിരുദ്ധമായതുമല്ല. "

"പാസാക്കിയ ബില്ലുകളാണെങ്കിൽ നിയമനിർമ്മാണ സഭ വിശദമായ പരിശോധന നടത്തിയതുമാണ്. ഈ നിയമങ്ങളെല്ലാം സംസ്ഥാനത്തിന്റെ നിയമനിർമ്മാണ അധികാരപരിധിയിൽ പെടുന്നതുമാണ്. ഓർഡിനൻസുകൾക്ക് ഒരിക്കൽ ഗവർണർ അനുമതി നൽകിയിട്ടുമുണ്ട്. ബിജെപിയുടെ ചട്ടുകമായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നതിന് വേറെ ഉദാഹരണങ്ങൾ ആവശ്യമില്ല. ഏറ്റവും കൂടുതൽ കാലം നിയമസഭ സമ്മേളിക്കുന്നത് കേരളത്തിലാണ്. പാർലമെന്റ് വിളിച്ചുചേർക്കാതെയും വിളിച്ചുചേർത്താൽ പാർലമെന്റ് അംഗങ്ങളെ മിണ്ടാൻ പോലും അനുവദിക്കാതെയും ഭരിക്കുന്ന സംഘപരിവാർ മോഡലല്ല കേരളം ഭരിക്കുന്ന ഇടതുപക്ഷ മാതൃക. ഗവർണറുടെ ധിക്കാരത്തിന് ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധമുയർത്തിക്കൊണ്ടുവരികതന്നെ ചെയ്യും." ജയരാജൻ പറഞ്ഞു.

STORY HIGHLIGHTS: M V Jayarajan's Facebook post against Governor Arif Mohammad Khan

Next Story