'തൃപ്പൂണിത്തുറയില്‍ ബിജെപിയും കോണ്‍ഗ്രസും മുന്നണി സമാന ധാരണ; എറണാകുളത്തെ മൂന്നിടങ്ങളിലും വോട്ട് കുറഞ്ഞില്ലെന്ന് സ്വരാജ്
കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഏത് അവസ്ഥയില്‍ എത്തി നില്ക്കുന്നുയെന്നതിന്റെ തെളിവാണ് ഇതെല്ലാമെന്ന് സ്വരാജ്.
18 May 2022 4:18 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃപ്പൂണിത്തുറയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ മുന്നണിയെ പോലെ ധാരണയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. വര്‍ഷങ്ങളായി നഗരസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസ് ബിജെപിക്ക് വോട്ടു ചെയ്യുമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസിന് ബിജെപി വോട്ട് ചെയ്യുന്ന രീതിയാണ് തുടരുന്നതെന്ന് എം സ്വരാജ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപി വോട്ടെല്ലാം കോണ്‍ഗ്രസിന് പോയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി തന്നെ സമ്മതിച്ചതും സ്വരാജ് ചൂണ്ടിക്കാണിച്ചു.
എം സ്വരാജ് പറഞ്ഞത്: ''തൃപ്പൂണിത്തുറ മറ്റ് മണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ അവിശുദ്ധസഖ്യം കുറെ കാലമായി നിലനില്‍ക്കുന്ന ഒരു സ്ഥലമാണ്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ മുന്നണിയെ പോലെ ഒരു ധാരണയാണ്. നഗരസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസ് ബിജെപിക്ക് വോട്ടു ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസിന് ബിജെപി വോട്ട് ചെയ്യും. ഇത് കേരളത്തിലെ പലയിടങ്ങളിലും സംഭവിക്കുന്നതാണ്. തൃപ്പൂണിത്തുറയില്‍ ഇത് ശക്തമായി നിലനില്‍ക്കുന്ന ഒന്നാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞു, ബിജെപി വോട്ടെല്ലാം കോണ്‍ഗ്രസിന് പോയെന്ന്.''
''കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഏത് അവസ്ഥയില്‍ എത്തി നില്ക്കുന്നുയെന്നതിന്റെ തെളിവാണ് ഇതെല്ലാം. ബിജെപി പണ്ട് മുതലേ വോട്ടു കച്ചവടം നടത്തുന്നവരാണെന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. കോണ്‍ഗ്രസിലെ മതനിരപേക്ഷ ചിന്താഗതിക്കാര്‍ ഇക്കാര്യം മനസിലാക്കണമെന്ന് മാത്രമേ പറയുന്നുള്ളൂ. ഇന്ന് അല്ലെങ്കില്‍ നാളെ മതനിരപേക്ഷത വിജയിച്ചേ പറ്റൂ.''
''തദേശ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ മൂന്ന് സ്ഥലങ്ങളിലും വോട്ട് കുറഞ്ഞ് പോയിട്ടില്ല. വര്‍ധിക്കുകയാണ് ചെയ്തത്. പക്ഷെ ബിജെപി-കോണ്‍ഗ്രസ് സഖ്യത്തെ തോല്‍പ്പിക്കുന്നതിലേക്ക് വോട്ട് എത്തിക്കാന്‍ കഴിഞ്ഞില്ല. അത് ജനങ്ങള്‍ തിരിച്ചറിയും. പ്രശ്നം ജനങ്ങള്‍ക്ക് മുമ്പൈകെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കും. അവര്‍ ഒന്നിച്ച് നിന്നാലും പരാജയപ്പെടുത്താന്‍ സാധിക്കാത്ത ശക്തിയായി സിപിഐഎം നാളെ മാറും.''