'കക്കൂസ് ഉണ്ടോ എന്ന ചോദ്യത്തില്‍ രാഷ്ട്രീയമുണ്ട്'; ഉത്തരേന്ത്യയില്‍ നൂറ് വീട്ടില്‍ ചോദിച്ചാലാണ് കക്കൂസുള്ള വീട് കിട്ടുകയെന്ന് സ്വരാജ്
ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന് പോലെയൊക്കെയാണ് കേരളമെന്നാണ് രാഹുലിന്റെ വിചാരമെന്ന് സ്വരാജ് പരിഹസിച്ചു
27 Sep 2022 1:50 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വീണ്ടും പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഭാരത് ജോഡോ യാത്രയ്ക്കിടെ വഴിയോരത്തെ ഒരു വീട്ടില്‍ കക്കൂസുണ്ടോ എന്ന് ചോദിച്ച് രാഹുലിന്റെ അംഗരക്ഷകര്‍ എത്തിയ വാര്‍ത്ത ചൂണ്ടിക്കാട്ടിയായിരുന്നു സ്വരാജിന്റെ പരിഹാസം. കക്കൂസുണ്ടോ എന്ന രാഹുലിന്റെ ചോദ്യത്തില്‍ രാഷ്ട്രീയമുണ്ടെന്നും സ്വരാജ് പറഞ്ഞു.
'രാഹുല്‍ ഗാന്ധി മുമ്പ് പ്രതിനിധാനം ചെയ്തിരുന്ന അമേത്തി മണ്ഡലത്തില്‍ ഉള്‍പ്പെടെ ഒരു നൂറ് വീട്ടില്‍ ചോദിച്ചാലാണ് ഒരു കക്കൂസ് എങ്കിലും കാണാന്‍ കഴിയുക. ഇവിടെ ചോദിച്ചപ്പോള്‍ തന്നെ കക്കൂസുള്ള വീട് കണ്ടു. ഉത്തരേന്ത്യയില്‍ നിന്ന് വന്ന അവര്‍ക്ക് വലിയ അനുഭവമായിരുന്നു അത്. കേരളം സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനമായി ആദരിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് ഏത് സാഹചര്യം നിലനിന്നാലും കേരളത്തിലെ എല്ലാ വീട്ടിലും ശൗചാലയം ഉണ്ടാകും. അതില്ലാത്ത ഒരു വീട് പോലും ഇവിടെ കാണാന്‍ കഴിയില്ല', എം സ്വരാജ് പറഞ്ഞു
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തില്‍ ശൗചാലയം ഇല്ലാത്ത വീടുകള്‍ ഉണ്ടോ എന്ന പരിശോധന നടത്തിയിരുന്നു. എന്നാല്‍ അപൂര്‍വ്വം ചില വീടുകളിലാണ് അങ്ങനൊരു സാഹചര്യമുണ്ടായിരുന്നത്. അവിടെ ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്കി. ഇപ്പോ നൂറ് ശതമാനം വീടുകളിലും ശൗചാലയങ്ങള്‍ ഉണ്ടെന്നും രാഹുലും കൂട്ടരും ഈ വിവരം മനസിലാക്കിയിട്ടില്ലെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന് പോലെയൊക്കെയാണ് കേരളമെന്നാണ് രാഹുലിന്റെ വിചാരമെന്ന് സ്വരാജ് പരിഹസിച്ചു. രാഹുല്‍ ഗാന്ധി വിഷമിക്കേണ്ട കാര്യമില്ല. കേരളത്തില്‍ 100 ദിവസം ജാഥ നടത്തിയാലും എപ്പോ ശൗചാലയം ആവശ്യമെന്ന തോന്നിയാലും ഏത് വീട്ടിലും ശൗചാലയം ഉണ്ടാകും. വീട്ടുകാര്‍ സ്വീകരിക്കും, അവര്‍ ചായ തരും. രാഹുലിന് ശൗചാലയം ഉപോയോഗിക്കാം ഭംഗിയായി യാത്ര മുന്നോട്ട് കൊണ്ടുപോകാമെന്നും സ്വരാജ് പറഞ്ഞു.
ഈ തീറ്റയും കുടിയും ശൗചാലത്തില്‍ പോകുന്നതുമല്ലാതെ രാജ്യം നേരിടുന്ന ഒരു പ്രശ്നമെങ്കിലും ഇവര്‍ പറയുന്നുണ്ടോ എന്ന് സ്വരാജ് കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ, വിലക്കയറ്റം, പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുന്നത് ഇങ്ങനെ ഏതെങ്കിലും വിഷയം ഇവര്‍ ചര്‍ച്ച ചെയ്യുന്നുണ്ടോ എന്നും സ്വരാജ് ചോദിച്ചു.
ഭാരത് ജോഡോ യാത്രയെ ആലപ്പുഴയില്‍ പര്യടനം നടത്തുന്നതിനിടെ രാഹുലിന്റെ അംഗരക്ഷകര്‍ ഒരു വീട്ടില്‍ കക്കുസുണ്ടോ എന്ന് അന്വേഷിച്ചത് വാര്‍ത്തയായിരുന്നു. രാഹുലിന് വേണ്ടിയായിരുന്നു ശൗചാലയം അന്വേഷിച്ചത്. തുടര്‍ന്ന് വീടിനുള്ളില്‍ കയറി ഇന്ത്യന്‍ ക്ലോസെറ്റും യൂറോപ്യന്‍ ക്ലോസെറ്റും പരിശോധിക്കുകയും ചെയ്തിരുന്നു.
Story highlights: M Swaraj mocks Rahul Gandhi and Bharat Jodo Yatra