'നെഗറ്റീവ് ആളുകളോട് പ്രതികരിക്കാനില്ല'; ബുദ്ധ ഭഗവാനെ ഉദ്ധരിച്ച് പി സി ജോര്‍ജിന് യൂസഫലിയുടെ മറുപടി
പി സി ജോർജ് തന്നെ പ്രസ്താവന തിരുത്തിയതിനാൽ കൂടുതൽ പ്രതികരിക്കാനില്ല
3 May 2022 3:35 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഷാർജ: പി സി ജാേർജ് തന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങളിലെ സത്യം തിരിച്ചറിയാൻ മലയാളികൾക്ക് കഴിവുണ്ടെന്ന് വ്യവസായി എം എ യൂസഫലി. പി സി ജോർജ് നടത്തിയ വിദ്വേഷ പരാമർശങ്ങളോട് ഷാർജയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി സി ജോർജ് തന്നെ പ്രസ്താവന തിരുത്തിയതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും യൂസഫലി പറഞ്ഞു.
'നെഗറ്റീവ് ആയിട്ടുള്ള ആളുകളോട് നിങ്ങൾ പ്രതികരിക്കുന്നത് എത്രത്തോളം കുറയ്ക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതം കൂടുതൽ സമാധാനപരമാകും. ഇത് ഞാൻ പറഞ്ഞതല്ല ബുദ്ധ ഭഗവാൻ പറഞ്ഞതാണ്', യൂസഫലി പറഞ്ഞു. പിന്നാലെ ആർക്കുള്ള മറുപടിയാണെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഇത് ചോദിച്ച നിങ്ങൾക്കുള്ള മറുപടിയാണെന്നായിരുന്നു തമാശ മട്ടിൽ യൂസഫലിയുടെ പ്രതികരണം.
'പിണറായി സർക്കാർ റിലയൻസിന്റെ ഔട്ട്ലെറ്റുകൾ തുടങ്ങാൻ അനുവദിക്കുമ്പോൾ സാധാരണക്കാരുടെ കച്ചവടം നഷ്ടപ്പെടുമെന്ന് മുന്നേ പറഞ്ഞിരുന്നു, അത് പോലെ തന്നെയാണ് യൂസഫലിയുടെ കാര്യവും പറഞ്ഞത്. യൂസഫലി ഒരു മാന്യനാണ്. പക്ഷേ മാള്‍ തുടങ്ങിയാൽ എല്ലാവരും അവിടെ പോയി സാധനം വാങ്ങും. ചെറുകിടക്കാർ പട്ടിണിയാകും. അത് കൊണ്ട് യൂസഫലിയുടെ സ്ഥാപനത്തിൽ കയറയരുത്, സാധാരണക്കാരൻറെ കടയിൽ കയറി സാധനം വാങ്ങണമെന്ന് പറഞ്ഞു. അത് യൂസഫലിയെ അപമാനിക്കാൻ പറഞ്ഞതല്ലെന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ പി സി ജോർജ് തിരുത്തി പറഞ്ഞിരുന്നു.
Story highlights: M A Yusuff ali against hate speech of PC George
- TAGS:
- M A Yusuff Ali
- PC George