Top

ലോകായുക്ത ഓര്‍ഡിനന്‍സ്: ഇടത് മുന്നണിയിലും ഭിന്നത, രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്ന് കാനം

ഓര്‍ഡിനന്‍സിന് പകരം വിഷയം ബില്ലായി നിയമസഭയില്‍ കൊണ്ടുവരാമായിരുന്നു എന്നും കാനം

26 Jan 2022 5:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകായുക്ത ഓര്‍ഡിനന്‍സ്: ഇടത് മുന്നണിയിലും ഭിന്നത, രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്ന് കാനം
X

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഭരണ പ്രതിപക്ഷ വാക്‌പോര് തുടരുന്നതിനിടെ ഇടത് മുന്നണിയിലും ഭിന്നത. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ ആണ് സര്‍ക്കാര്‍ നിലപാടിന് എതിരെ രംഗത്ത് എത്തുന്നത്. ഓര്‍ഡിനന്‍സ് സംബന്ധിച്ച് മുന്നണിയില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്. ഓര്‍ഡിനന്‍സിന് പകരം വിഷയം ബില്ലായി നിയമസഭയില്‍ കൊണ്ടുവരാമായിരുന്നു എന്നും കാനം തിരുവനന്തപുരത്ത് പ്രതികരിച്ചു.

നിയമസഭ ചേരാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും കാനം എതിര്‍പ്പ് പരസ്യമാക്കിക്കൊണ്ട് വ്യക്തമാക്കുന്നു. ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദത്തിന് കാരണം. ബില്ലായി അവതരിപ്പിചെങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാമായിരുന്നു എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ലോകായുക്ത മറ്റു സംസ്ഥാനങ്ങള്‍ ചിന്തിക്കും മുന്‍പ് കേരളം കൊണ്ടുവന്നതാണ്. ലോകായുക്ത 12 ഉം 14 ഉം വകുപ്പുകള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകായുക്തയുടെ വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന തരത്തില്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് എത്തി. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുത് എന്ന് കാട്ടി യുഡിഎഫ് ഗവര്‍ണറെ കാണും. പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രതിനിധിസംഘം സംഘം ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ കാണും. വ്യാഴാഴ്ച രാവിലെ ഇതിനായി പ്രതിപക്ഷ നേതാവ് അനുമതിതേടി. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് കത്തും നല്‍കിയിരുന്നു.

രൂക്ഷമായ വിമര്‍ശനമാണ് സര്‍ക്കാര്‍ നീക്കത്തിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നും ഉയര്‍ന്നത്. ലോകായുക്തയുടെ ചിറകരിഞ്ഞ് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും അഴിമതിക്കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ കാട്ടുന്ന വ്യഗ്രത ഞെട്ടിപ്പിച്ചെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആരോപിച്ചു. ലോകായുക്തയുടെ പിടിവീഴുമെന്ന് ഉറപ്പായപ്പോഴാണ് അതിനെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. നിയമസഭ സമ്മേളിക്കാനിരിക്കെ സഭയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ലോകായുക്തയെ ഇല്ലാതാക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാര്‍ നീക്കത്തെ കോണ്‍ഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ലോകായുക്ത നിയമത്തില്‍ ദേദഗതി വരുത്തണമെങ്കില്‍ രാഷ്ട്രപതിയുടെ അംഗീകാരം വേണം. ലോകായുക്ത നിയമം നിയമ വിരുദ്ധമാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഇത് ജുഡിഷ്യറിയോടുള്ള അവഹേളനമാണ്, മുഖ്യമന്ത്രിക്കും ആര്‍.ബിന്ദുവിനും എതിരെയുള്ള ഹര്‍ജികളില്‍ സര്‍ക്കാറിന് എതിരായ വിധി വരുമെന്ന് അതു ഭയന്നാണ് ഭേദഗതി നീക്കമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാര്‍ ലോകായുക്തയുടെ അധികാരം കവരുന്ന നിയമഭേദഗതി കൊണ്ടുവരുന്നത് അഴിമതി നടത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോഴിക്കോട് പ്രതികരിച്ചു. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നിരിക്കെ അത് തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ.ടി ജലീലിന് ബന്ധുനിയമനത്തില്‍ മന്ത്രിസ്ഥാനം പോയത് ലോകായുക്ത ഇടപെടല്‍ മൂലമാണ്. ഇത്തരമൊരു സാഹചര്യം ഇനിയുണ്ടാവാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. ലോകായുക്തയെ നോക്കുകുത്തിയാക്കി അഴിമതി നടത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം കൈപിടിയിലൊതുക്കാനുള്ള ഇടതുസര്‍ക്കാരിന്റെ വ്യാമോഹത്തിന്റെ അവസാന ഉദ്ദാഹരണമാണ് ഇതെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

എന്നാല്‍, ലോകായുക്ത നിയമഭേദഗതിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സിപിഐഎം നിലപാട്. നടപടി നിയമാനുസൃതമാണെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെട്ടു. ലോകായുക്തയിലെ സെക്ഷന്‍ 14 ലാണ് ചട്ടലംഘനം നടത്തിയാല്‍ പദവിയില്‍ നിന്നും പുറത്താക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുന്നത്. അതിനുമുകളില്‍ അപ്പീല്‍ അധികാരമില്ലെന്നതാണ് പ്രശ്‌നം. അപ്പീല്‍ അധികാരമില്ലാത്ത വകുപ്പ് നല്‍കിയത് ഭരണഘടനയുടെ 164 അനുഛേദത്തിന് വിരുദ്ധമാണെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതെന്നും കോടിയേരി വ്യക്തമാക്കുന്നു.

Next Story