Top

ഇനി എന്തിനാണ് ലോകായുക്ത?, അടിയന്തര പ്രമേയ നോട്ടീസില്‍ വാക്പോര്; ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ്‌വഴക്കമെന്ന് നിയമമന്ത്രി

22 Feb 2022 5:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി എന്തിനാണ് ലോകായുക്ത?, അടിയന്തര പ്രമേയ നോട്ടീസില്‍ വാക്പോര്; ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ്‌വഴക്കമെന്ന് നിയമമന്ത്രി
X

ലോകായുക്ത നിയമ ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സ് നിയമസഭയില്‍ അടിയന്തരപ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. ലോകായുക്ത അടക്കമുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. എന്നാല്‍ അടിയന്തര പ്രമേയം ചട്ടവിരുദ്ധമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

നിയമമന്ത്രി പി രാജിവ് നല്‍കിയ മറുപടിയിലാണ് ഗവര്‍ണര്‍ ഒപ്പുവച്ച ഓര്‍ഡിനന്‍സിനെതിരെ അടിയന്തര പ്രമേയം കൊണ്ടുവരുന്നത് ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയത്. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് വിചിത്രമാണ്. ലോകായുക്തയുടെ ഒരു അധികാരവും സര്‍ക്കാര്‍ എടുത്ത് കളഞ്ഞിട്ടില്ലെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായ ദേഭഗതിയാണ് ലോകായുക്ത നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. എജിയുടെ പരിശോധനയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ ഭേദഗതിക്ക് തീരുമാനിച്ചത്. ലോകായുക്തയുടെ അധികാരം കവരുന്നു എന്ന ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണ്. അഴിമതി കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ വാദങ്ങളെ പ്രതിരോധിച്ച സണ്ണി ജോസഫ് സഭ പാസാക്കിയ ലോകായുക്ത നിയമത്തില്‍ സര്‍ക്കാര്‍ മുന്നോട്ടോ പിന്നോട്ടോ എന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണ തലങ്ങളില്‍ അഴിമതി ശക്തമാണ്, കൊവിഡ് പ്രതിസന്ധി പോലും കൊള്ളയടിക്കാനുള്ള അവസരമാക്കിമാറ്റിയെന്നും കുറ്റപ്പെടുത്തി. ഇതിന് മറുപടി പറഞ്ഞ നിയമ മന്ത്രി ലോക്പാല്‍ നിയമം പാസാക്കിയിട്ടും നിയമനം നടത്താത്തവരാണ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്യുന്നത് എന്ന് കുറ്റപ്പെടുത്തി. ഭരണഘടന പരമായ ഉത്തരാവാദിത്വമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ പരസ്പരം വാക്‌പോരും അരങ്ങേറി. കടിക്കുന്ന നായയാണ് ലോകായുക്ത എന്ന് പറഞ്ഞ മുഖ്യമന്ത്രി, നായയുടെ പല്ല് പിഴുതെടുത്തത് എന്തിനാണ്. മുഖ്യമന്ത്രിക്കെതിരെ നാല് കേസുകള്‍ ലോകായുക്തയില്‍ വന്നത് കാരണമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇനി എന്തിനാണ് ലോകായുക്ത എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഓര്‍ഡിനന്‍സ് വിഷത്തില്‍ ആദ്യം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ബോധ്യപ്പെടുത്തണം എന്നും പ്രതിപക്ഷത്ത് നിന്നും ആവശ്യം ഉയര്‍ന്നു.

എന്നാല്‍, സഭയിലെ രമേശ് ചെന്നിത്തലയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി നിയമ മന്ത്രി ആരോപണങ്ങളെ പ്രതിരോധിച്ചു. ആദ്യം പ്രതിപക്ഷ നേതാക്കള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കണം. നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് പറഞ്ഞ മുന്‍ പ്രതിപക്ഷനേതാവ് എവിടെ എന്നും നിയമ മന്ത്രി ചോദിച്ചു.

അതേസമയം, ലോകായുക്ത വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും അടിയന്തിര പ്രമേയ നോട്ടീസായി പരിഗണിക്കാന്‍ കഴിയാത്തതാണ് എന്നും സ്പീക്കര്‍ എംബി രാജേഷും ചൂണ്ടിക്കാട്ടി. ഓര്‍ഡിനന്‍സ് നിരാകരണ പ്രമേയം കൊണ്ടുവരാം. അത് ബില്‍ അവതരണ വേളയിലാകണം. എങ്കിലും പൊതുവായ കാര്യങ്ങള്‍ അവതരിപ്പിക്കാമെന്നും അദ്ദേഹം സഭയെ അറിയിച്ചു.

മന്ത്രിയുടെ മറിപടിക്ക് പിന്നാലെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും വാക്കൗട്ട് നടത്തി. എന്ത് അഴിമതി കാണിച്ചാലും ഭയപ്പെടേണ്ടതില്ലെന്ന സിഗ്‌നലാണ് നിയമ ഭേദഗതിയെന്ന് വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

STORY HIGHLIGHTS: Lokayukta Amendment urgent motion notice

Next Story