Top

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 15 വാർഡുകളിൽ യുഡിഎഫ്, എൽഡിഎഫിന് 12

10 Nov 2022 7:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 15 വാർഡുകളിൽ യുഡിഎഫ്, എൽഡിഎഫിന് 12
X

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. 29 തദ്ദേശ വാർഡുകളിലേക്ക് ബുധനാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. എൽഡിഎഫിന്റെ ഏഴ് വാർഡുകൾ അടക്കം എട്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. 11 സീറ്റുകളിൽ എൽഡിഎഫും രണ്ട് സീറ്റുകളിൽ ബിജെപിയും വിജയം ഉറപ്പിച്ചു.

ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് പഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ റസീന ടീച്ചർ പൂക്കോട്ട് 272 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സിപിഐഎമ്മിലെ പി സി രഹനയെയാണ് തോൽപ്പിച്ചത്. 17 വർഷത്തിന് ശേഷം ഇടത് കോട്ടയായ പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചു.

അതേസമയം ആലപ്പുഴയിലെ കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ സിപിഐഎം സിറ്റിങ് സീറ്റ് ബിജെപി പിടിച്ചു. കോൺഗ്രസ് സ്ഥാനാർഥി രണ്ടാം സ്ഥാനത്തും സിപിഐഎം സ്ഥാനാർഥി മൂന്നാം സ്ഥാനത്തുമാണ്. ബിജെപി -286, കോൺഗ്രസ് -209, സിപിഐഎം -164 എന്നിങ്ങനെയാണ് വോട്ട് നില.

തിരുവനന്തപുരം

കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം വാർഡിൽ കോൺഗ്രസിന്റെ ഇ എൽബറി വിജയിച്ചു. 103 വോട്ടുകൾക്ക് സിപിഐഎം സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി എം ജെ ഷൈജ ടീച്ചർ വിജയിച്ചു. 45 വോട്ടുകൾക്ക് സിപിഎമ്മിലെ ഷംന ബീഗത്തെയാണ് പരാജയപ്പെടുത്തിയത്.

കൊല്ലം

പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ബിയിൽ കോൺഗ്രസിലെ ലത ബിജു വിജയിച്ചു. 59 വോട്ടുകൾക്ക് സിപിഐഎം സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കോട്ടുവൻകോണം വാർഡിൽ ബിജെപി വിജയിച്ചു. ബിജെപിയുടെ ഗീത എസ്സ് സിപിഐഎമ്മിന്റെ ശുഭാകുമാരിയെ 123 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

ഇടുക്കി

ഇടുക്കി ശാന്തൻപാറ തൊട്ടിക്കാനം ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം അംഗം ഇ കെ ഷാബു 253 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സിറ്റിങ് സീറ്റ് ആണ്. പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ടി ജെ ഷൈൻ്റെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.

കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താൻ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐഎം സ്ഥാനാർഥി പി ബി ദിനമണി 92 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് അംഗം രാജി വെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.

കരുണാപുരം പഞ്ചായത്തിലെ കുഴികണ്ടം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി ഡി പ്രദീപ് കുമാർ 65 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എൽഡിഎഫ് സിറ്റിങ് സീറ്റ്.

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷനിലെ എൽഡിഎഫ് സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി അഡ്വ. ആൽബർട്ട് ജോസ് 299 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

തൃശൂർ

തൃശൂർ വടക്കാഞ്ചേരി നഗരസഭ മിണാലൂർ സെന്റർ 31-ാം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് കോൺഗ്രസ് സ്ഥാനാർത്ഥി ഉദയബാലൻ പിടിച്ചെടുത്തു. 110 വോട്ടുകൾക്കാണ് വിജയിച്ചത്. 578 വോട്ടുകളാണ് ലഭിച്ചത്.

കോഴിക്കോട്

കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ ഒന്നാം വാർഡിൽ യു ഡി എഫിന് അട്ടിമറി വിജയം. കോൺഗ്രസിലെ റസീന ടീച്ചർ പൂക്കോട്ട് 272 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.സിപിഐഎമ്മിലെ പി സി രഹനയെയാണ് തോൽപ്പിച്ചത്.

തുറയൂർ പഞ്ചായത്തിലെ പയ്യോളി അങ്ങാടി വാർഡ് മുസ്ലിം ലീഗ് നിലനിർത്തി. സി എ നൗഷാദ് മാസ്റ്റർക്ക് ജയം. 383 വോട്ടുകൾക്കാണ് എൽ ഡി എഫിലെ കോടി കണ്ടി അബ്ദുറഹിമാനെ തോൽപ്പിച്ചത്.

മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് വാർഡ് എൽഡിഎഫ് നിലനിലനിർത്തി. എ ശശിധരൻ 340 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ഇ എം രാജനെ തോൽപ്പിച്ചത്.

മേലടി ബ്ളോക്കിലെ കീഴരിയൂർ ഡിവിഷൻ എൽ ഡി എഫ് നിലനിർത്തി. എൽഡിഎഫിലെ എം എം രവീന്ദ്രൻ 158 വോട്ടുകൾക്കാണ് യുഡിഎഫിലെ ശശി പാറോളിയെ തോൽപ്പിച്ചത്.

ആലപ്പുഴ

മുതുകുളം നാലാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം. യുഡിഎഫ് സ്ഥാനാർത്ഥി ജി എസ് ബൈജു 487 വോട്ടുകൾക്കാണ് വിജയിച്ചത്.

കാർത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ ബിജെപി ജയിച്ചു. വോട്ട് നില: ബിജെപി 286, കോൺഗ്രസ് 209, സിപിഎം 164.

പാണ്ടനാട് ഏഴാം വാർഡിലും യുഡിഎഫിനു ജയം. 103 വോട്ട് ഭൂരിപക്ഷം.

പാലമേൽ 11-ാം വാർഡിൽ യുഡിഎഫ് ജയിച്ചു.

മലപ്പുറം

മലപ്പുറം നഗരസഭയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 31–ാം വാർഡായ കൈനോട് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സി ഷിജു 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കൗൺസിലർ മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

എറണാകുളം

എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാന്റി ജോസാണ് വിജയിച്ചത്. 41 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സീറ്റ് ഇവർ പിടിച്ചെടുത്തത്. എൽഡിഎഫിലെ റാണി റോയിയെയാണ് സാന്റി പരാജയപ്പെടുത്തിയത്.

എറണാകുളം പറവൂർ നഗരസഭയിൽ വാണിയക്കാട് ഡിവിഷൻ സിപിഐഎം സ്ഥാനാർത്ഥി നിമിഷ ജിനേഷ് ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു. നിമിഷ ജിനേഷിന് 160 വോട്ടുകളാണ് ലഭിച്ചത്.

പാലക്കാട്

കുത്തനൂർ, പുതൂർ പഞ്ചായത്തുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനും യു.ഡി.എഫിനും ജയം. കുത്തനൂർ പഞ്ചായത്തിലെ 15ാം വാർഡിൽ 381 വോട്ട് ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ആർ ശശിധരൻ വിജയിച്ചു.

അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് കുളപ്പടികയിൽ എൽഡിഎഫ് വിജയിച്ചു. സിപിഐ സ്ഥാനാർത്ഥി വഞ്ചികക്കി 32 വോട്ടിനാണ് ജയിച്ചത്.

STORY HIGHLIGHTS: Local self government byelections results out

Next Story