Top

'സഹോദരന്റെ മരണാനന്തര ചടങ്ങുകളിലായിരുന്നു'; കാണാനില്ലല്ലോയെന്ന സതീശന്റെ പരിഹാസത്തിന് കെവി തോമസിന്റെ മറുപടി

കെ വി തോമസിനെ സിപിഐഎം ഏത് ലോക്കറിലാണ് വച്ചിരിക്കുന്നതെന്നായിരുന്നു സതീശന്‍ കഴിഞ്ഞദിവസം ചോദിച്ചത്

20 May 2022 5:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഹോദരന്റെ മരണാനന്തര ചടങ്ങുകളിലായിരുന്നു; കാണാനില്ലല്ലോയെന്ന സതീശന്റെ പരിഹാസത്തിന് കെവി തോമസിന്റെ മറുപടി
X

എറണാകുളം: തൃക്കാക്കരയില്‍ എല്‍ഡിഎഫ് പ്രചാരണത്തിന് കാണാനില്ലല്ലോയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരിഹാസത്തിന് മറുപടിയുമായി കെവി തോമസ്. സഹോദരന്റെ നിര്യാണം കോണ്‍ഗ്രസ് നേതാക്കള്‍ അറിയാത്തതാകാം പരിഹാസത്തിന് പിന്നിലെന്ന് കെവി തോമസ് പറഞ്ഞു. സതീശന്‍ തന്നെയോര്‍ത്ത് വിലപിക്കേണ്ടെന്നും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അവസ്ഥയോര്‍ത്ത് കരഞ്ഞാല്‍ മതിയെന്നും കെ വി തോമസ് വ്യക്തമാക്കി.

കെവി തോമസ് പറഞ്ഞത്: ''വി ഡി സതീശന്‍ എന്നെയോര്‍ത്ത് വിലപിക്കേണ്ടതില്ല. സ്വന്തം പാര്‍ട്ടിയുടെയും മുന്നണിയുടെയും അവസ്ഥയോര്‍ത്ത് കരഞ്ഞാല്‍ മതി. യേശുക്രിസ്തുവിനെ തൂക്കിലേറ്റാന്‍ കൊണ്ടുപോകുമ്പോള്‍ കരഞ്ഞ സ്ത്രീകളോട് യേശു പറഞ്ഞത്, നിങ്ങള്‍ എന്നെയോര്‍ത്തു വിലപിക്കേണ്ട, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളേയും ഓര്‍ത്തു വിലപിക്കൂ എന്നാണ്. അതാണ് എനിക്കും സതീശനോട് പറയാനുള്ളത്.''

''ഞാന്‍ സതീശനെ കാണിക്കാന്‍ ചെണ്ട കൊട്ടിയല്ല പ്രചാരണം നടത്തുന്നത്. വീടുകളും സ്ഥാപനങ്ങളും കയറിയാണ് വോട്ടര്‍മാരെ കാണുന്നത്. സഹോദരന്റെ നിര്യാണം കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ അറിയാത്തതാകാം പരിഹാസത്തിന് പിന്നില്‍. സോണിയ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മരണവിവരം അറിഞ്ഞ് സന്ദേശം അയച്ചിരുന്നു.''

കെ വി തോമസിനെ സിപിഐഎം ഏത് ലോക്കറിലാണ് വച്ചിരിക്കുന്നതെന്നായിരുന്നു സതീശന്‍ കഴിഞ്ഞദിവസം ചോദിച്ചത്. ഷോ കേസില്‍ പോലും വെക്കാന്‍ കൊള്ളില്ല. കെ വി തോമസിനെ കൊട്ടിഘോഷിച്ചു കൊണ്ടുപോയ മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശന്‍ പരിഹസിച്ചിരുന്നു

Next Story