Top

'എട്ട് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച എന്നെ പ്രചരണ രീതികൾ പഠിപ്പിക്കേണ്ട'; പരാജയഭീതിപൂണ്ട് കള്ള പോസ്റ്റിടുന്നത് ലജ്ജാകരമാണെന്ന് കെ വി തോമസ്

31 May 2022 8:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എട്ട് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച എന്നെ പ്രചരണ രീതികൾ പഠിപ്പിക്കേണ്ട; പരാജയഭീതിപൂണ്ട് കള്ള പോസ്റ്റിടുന്നത് ലജ്ജാകരമാണെന്ന് കെ വി തോമസ്
X

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം അവഗണിച്ചുവെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി കെ വി തോമസ് . ജോ ജോസഫിനെയും കുടുംബത്തേയും ആക്ഷേപിച്ചവർ തന്നെയാണ് തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് കെ വി തോമസ് പറഞ്ഞു. പരാജയഭീതിപൂണ്ട കോൺഗ്രസ്സുകാർ കള്ള പോസ്റ്റിടുന്നത് ലജ്ജാകരമാണ്. ജനങ്ങൾ കൂട്ടത്തോടു കൂടി വന്ന് വോട്ട് ചെയ്യുമ്പോൾ കോൺഗ്രസ്സുകാരുടെ ഹൃദയമിടിപ്പാണ് കൂടുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വൃക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടിയാണ് ഇടതുപക്ഷത്തോടും സിപിഎമ്മിനോടുമൊപ്പം നിൽക്കുന്നതെന്നും കെ വി തോമസ് പറഞ്ഞു.

"തെരഞ്ഞടുപ്പിൽ രാഷ്ട്രീയ പ്രേരിതമായി ധാരാളം നുണകൾ പറയാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ട് കളവ് പറയുന്നതും കഥകൾ പ്രചരിപ്പിക്കുന്നതും നല്ലതല്ല. ഞാൻ തെരഞ്ഞെടുപ്പിൽ സജീവമല്ലെന്ന പരാതി യുഡിഎഫിനാണ്, എൽഡിഎഫിനല്ല. അതിനുള്ള മറുപടി രാവിലെ കൊടുത്തിട്ടുണ്ട്. എട്ട് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച എന്നെ തെരഞ്ഞെടുപ്പ് പ്രചരണ രീതികൾ പഠിപ്പിക്കേണ്ട." കെ വി തോമസ് പറഞ്ഞു. ഡോ. ജോ ജോസഫിനുവേണ്ടി പരസ്യമായും നേരിട്ടും തൃക്കാകര വോട്ടർമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും. കേരള വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഡോ.ജോ ജോസഫിനെ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജോ ജോസഫിനെതിരെ വ്യാജ വീഡിയോ ട്വിറ്ററില്‍ അപ് ലോ‍ഡ് ചെയ്തയാളെ പൊലീസ് പിടികൂടി. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്. ലത്തീഫ് മുസ്ലിം ലീഗ് അനുഭാവിയെന്നാണ് പൊലീസ് പറഞ്ഞു. ഇയാളെ ഇന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയായിരുന്നു അബ്ദുള്‍ ലത്തീഫ്. ഇതിന് വേണ്ടി വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കുകയും ചെയ്തു.

ഫേസ്ബുക്ക് വഴി ഈ ദൃശ്യം അപ് ലോ‍ഡ് ചെയ്തതും അബ്ദുള്‍ ലത്തീഫ് തന്നെയാണെന്ന സംശയമുണ്ട്. ഫേസ്ബുക്കില്‍ നിന്നുള്ള വിവരം ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. നേരത്തെ വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആരാണ് ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നില്ല. ഇന്നലെ രാത്രിയാണ് കൊച്ചി സിറ്റി പൊലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഉടന്‍ തന്നെ കോയമ്പത്തൂരിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

STORY HIGHLIGHTS: KV Thomas reacts to the campaign that the CPIM ignored in the Thrikkakara by-election

Next Story