Top

'50 ലക്ഷം മെമ്പർഷിപ്പ് എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥ'; ​ഗ്രൂപ്പുകൾ കോൺ​ഗ്രസിന് ​ഗുണം ചെയ്യില്ലെന്ന് കെവി തോമസ്

ബിഷപ്പ് ഹൗസ് സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ല സൗഹൃദ സന്ദർശനമാണെന്നും കെവി തോമസ് വ്യക്തമാക്കി.

19 April 2022 3:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

50 ലക്ഷം മെമ്പർഷിപ്പ് എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥ; ​ഗ്രൂപ്പുകൾ കോൺ​ഗ്രസിന് ​ഗുണം ചെയ്യില്ലെന്ന് കെവി തോമസ്
X

ആലപ്പുഴ: കോൺഗ്രസിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ പരാജയപെട്ടുവെന്ന വിമർശനവുമായി കെവി തോമസ്. 50 ലക്ഷം മെമ്പർഷിപ്പ് എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയാണുളളത്. ഗ്രൂപ്പുകൾ കോൺഗ്രസിന് ഗുണം ചെയ്യില്ല. ഇത് നേരത്തെ തന്നെ പറഞ്ഞിട്ടുളളയാളാണ് താൻ. കെപിസിസി പ്രസിഡന്റ്‌ ഗ്രൂപ്പിന്റെ ഭാഗമാണെന്നു താൻ കരുതുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും കെവി തോമസ് പറഞ്ഞു. ആലപ്പുഴ ബിഷപ്പ് ഹൗസ് സന്ദർശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഷപ്പ് ഹൗസ് സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ല സൗഹൃദ സന്ദർശനമാണെന്നും കെവി തോമസ് വ്യക്തമാക്കി. കോൺഗ്രസ് അംഗത്വ വിതരണത്തിന് പരമ്പരാഗത രീതിയുണ്ട്. 10 കാര്യങ്ങൾ അനുവർത്തിക്കാം എന്ന് ഉറപ്പു നൽകുന്നവർക്കാണ് അംഗത്വം നൽകുന്നത്. ഡിജിറ്റൽ മെമ്പർഷിപ്പ് കോൺഗ്രസിന്റെ സമ്പ്രദായമല്ല. 50 ലക്ഷം മെമ്പർഷിപ്പ് എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയാണെന്നും കെ വി തോമസ് വിമർശിച്ചു.

കോൺഗ്രസിൽ ഗ്രൂപ്പില്ലാതെ പിടിച്ചു നിൽക്കാനാവില്ല എന്ന അവസ്ഥായാണുളളത്. ഗ്രൂപ്പില്ലത്ത സുധീരൻ, പിജെ കുര്യൻ തുടങ്ങിയവരടക്കമുള്ളവർ രാഷ്ട്രീയകാര്യ സമിതി യോ​ഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അവഗണിക്കപ്പെട്ടു. നേതൃത്വം ആണ് ഇതൊക്കെ നോക്കേണ്ടത്. തന്നെ 'തിരുത തോമ' എന്നു വിളിക്കുന്നതിൽ പരിഭവമില്ല. താൻ മുക്കുവക്കുടിയിൽ നിന്ന് വന്നതാണെന്നും കെവി തോമസ് പറഞ്ഞു.

പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സിപിഐഎം പാർട്ടി കോൺ​ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ കടുത്ത നടപടി സ്വീകരണിക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇതിനിടെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുളള ശ്രമങ്ങളാണ് കെ സുധാകരൻ നടത്തുന്നതെന്ന ആരോപണവുമായി കെവി തോമസ് ഇന്നലെ രം​ഗത്തെത്തിയിരുന്നു. കോൺ​ഗ്രസിനെ ബലഹീനമാക്കാനുളള ശ്രമങ്ങളാണ് സുധാകരന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും കെവി തോമസ് കുറ്റപ്പെടുത്തിയിരുന്നു.

STORY HIGHLIGHTS: KV Thomas criticize Congress membership campaign and says groups will not benefit Congress

Next Story