'ഹൃദയമുള്ള കുട്ടാനാട്ടുകാരന്, നഷ്ടമായത് അതുല്ല്യ പ്രതിഭാസത്തെ'; സജി ചെറിയാന്
അഭിനയത്തിന്റെ ഒരു പുതിയ തലത്തിലേക്ക് സിനിമയെ എത്തിച്ച പ്രതിഭയെയാണ് നഷ്ടമായത്.
11 Oct 2021 10:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അതുല്ല്യ നടനേയും അതുല്ല്യ പ്രതിഭാസത്തേയുമാണ് നെടുമുടി വേണുവിന്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്കും ഇന്ത്യന്സിനിമയ്ക്കും നഷ്ട്മായതെന്ന് സിനിമ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. അഭിനയത്തിന്റെ ഒരു പുതിയ തലത്തിലേക്ക് സിനിമയെ എത്തിച്ച പ്രതിഭയെയാണ് നഷ്ടമായത്. അഭിനയിച്ച അഞ്ഞൂറ് സിനിമകളില്‍ അഞ്ഞൂറും മികച്ചതായിരുന്നു. ഒരു നാടന്‍ കുട്ടനാടുകാരന്റെ എല്ലാ സ്വഭാവ സവിശേഷതകളും ഉണ്ടായിരുന്ന സത്യസന്ധനും സ്നേഹനിധിയുമായ വ്യക്തിയായിരുന്നു നെടുമുടി വേണുവെന്നും മന്ത്രി സജി ചെറിയാന് ഓര്‍മ്മിച്ചു.
'അദ്ദേഹത്തിന്റെ ഓരോ സിനിമയും വ്യത്യസ്തമായ കാഴ്ച്ചകളാണ് സമ്മാനിച്ചത്. കാവാലം നാരായണപ്പണിക്കരുടെ ഒപ്പം നാടകത്തിലേക്ക് വന്നതിന് ശേഷം അദ്ദേഹം സിനിമയിലെത്തിയപ്പോള്‍ കണ്ടത് അവിസ്മരണീയമായ കഥാപാത്രങ്ങളെയായിരുന്നു. ഹിസ്സ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ അഭിനയമൊക്കെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിക്കൊടുത്തവയായിരുന്നു. തന്റെ പ്രാഗല്ഭ്യം തെളിയിക്കുക്ക മാത്രമല്ല, മലയാള സിനിമയ്ക്ക് വലിയ സംഭവനകളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്.', മന്ത്രി പറഞ്ഞു.
ഒരു തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സംസ്ഥാനത്തിന് ഉണ്ടായതെന്നും അദ്ദേഹത്തിന് എല്ലാ ബഹുമാനവും ആദരവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു. മൃതദേഹം വട്ടിയൂര്‍ക്കാവിലെ വട്ടിയൂര്‍ക്കാവിലെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്. താനവിടേക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
1978ല്‍ അരവിന്ദന് സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. പത്മരാജന്റെ ഒരിടത്തൊരു ഫയല്വാന് ആണ് കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദി കുറിച്ചത്. അതിന് ശേഷം നെടുമുടി വേണു വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്മാരില് ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി.
ചാമരം, ഒരിടൊത്തൊരു ഫയല്വാന്, കള്ളന് പവിത്രന്, വിടപറയും മുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രമാത്തില്‍, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, തണുത്തവെളുപ്പാന് കാലത്ത്, സൈറ, മാര്‍ഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. അഭിനേതാവിന് പുറമെ രചയ്താവായും സംവിധായകനായും മലയാള സിനിമയില്‍ പ്രവര്‍ത്തിച്ചു. കാറ്റത്തെക്കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സിവിധം, അമ്പട ഞാനേ, തീര്‍ത്ഥം തുടങ്ങിയ സിനിമകള്‍ രചിച്ചിട്ടുണ്ട്. പൂരം എന്ന ചിത്രത്തിന്റെ സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.