കുതിരവട്ടം കൊലപാതകം; മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി
അന്തേവാസികളെ പരിചരിക്കുന്നതില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ചകള്‍ സംഭവിച്ചോയെന്നാണ് കമ്മീഷന് പ്രധാനമായും പരിശോധിക്കുക.
13 Feb 2022 7:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ കൊലപാതകത്തില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. പതിനാല് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനോടും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കമ്മീഷന് നോട്ടീസ് അയച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് മാനസികാരോഗ്യ കേന്ദ്ര സൂപ്രണ്ടിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്കി. അന്തേവാസികളെ പരിചരിക്കുന്നതില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ചകള്‍ സംഭവിച്ചോയെന്നാണ് കമ്മീഷന് പ്രധാനമായും പരിശോധിക്കുക.
ബുധനാഴ്ച വൈകീട്ടാണ് മഹരാഷ്ട്ര സ്വദേശിനിയായ ജിയോ റാം ലോട്ടിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹ അന്തേവാസിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ വ്യാഴാഴ്ച രാവിലെയാണ് ജിയോ റാം മരിച്ച വിവരം മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്. ജീവനക്കാര്‍ ചില കാര്യങ്ങള്‍ മറച്ചു വെയ്ക്കുന്നുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും വൈകാതെ ചോദ്യം ചെയ്യും. ജിയോ റാമിന്റെ മരണത്തെ കുറിച്ച് അഡിഷണല്‍ ഡിഎംഒയുടെ നേതൃത്വത്തിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
കഴിഞ്ഞ മാസം അവസാനമാണ് ജിയോയെ തലശ്ശേരി മഹിളാ മന്ദിരത്തില്‍ നിന്നും കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിനേയും കൊണ്ട് തലശേരിയില്‍ അലയുകയായിരുന്നു ജിയോ. കുഞ്ഞിനെ അടിക്കുന്നത് കണ്ട് പൊലീസ് ഇടപെട്ടാണ് ജിയയെ മഹിളാ മന്ദിരത്തിലും കുട്ടിയെ ബാലമന്ദിരത്തിലും പ്രവേശിപ്പിച്ചത്.
മഹാരാഷ്ട്രയില്‍ വച്ചു തലശ്ശേരി സ്വദേശിയെ വിവാഹം കഴിച്ചുവെന്നും, ആ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടായ ശേഷം അയാള്‍ ഉപേക്ഷിച്ചു പോയെന്നുമാണു ജിയോ നല്കിയ മൊഴി. ഭര്‍ത്താവിനെ അന്വേഷിച്ചാണു തലശ്ശേരിയിലെത്തിയത്. മഹിളാ മന്ദിരത്തില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജിയയെ അവിടെ നിന്നു കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.