Top

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ചര്‍ച്ച ഇന്ന്; അഞ്ചിന് മുന്‍പ് ശമ്പളം നല്‍കണമെന്ന് യൂണിയനുകള്‍

ഇന്ന് രാവിലെ ഒമ്പത് മണിക്ക് മന്ത്രി ആന്റണി രാജുവിന്റെയും ശിവന്‍കുട്ടിയുടെയും നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക

18 Aug 2022 1:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ചര്‍ച്ച ഇന്ന്; അഞ്ചിന് മുന്‍പ് ശമ്പളം നല്‍കണമെന്ന് യൂണിയനുകള്‍
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സര്‍ക്കാരും തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച ഇന്ന് നടക്കും. ഇന്നലെ നടന്ന ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞ സാഹചര്യത്തിലായിരുന്നു തീരുമാനം. ഇന്ന് രാവിലെ ഒമ്പത് മണിക്ക് മന്ത്രി ആന്റണി രാജുവിന്റെയും ശിവന്‍കുട്ടിയുടെയും നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക. അതേസമയം ശമ്പളം അഞ്ചാം തീയതിക്ക് മുന്‍പായി നല്‍കണം എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് യൂണിയനുകള്‍ അറിയിച്ചിരുന്നു.

കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി ആന്റണി രാജുവിന്റെയും ശിവന്‍കുട്ടിയുടെയും നേതൃത്വത്തില്‍ ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച ധാരണയില്‍ എത്താതെ പിരിഞ്ഞിരുന്നു. കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ ആവശ്യമുള്ളതിനാലാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തുന്നത്. ശമ്പളം അഞ്ചാം തീയതിക്ക് നല്‍കണമെന്ന കാര്യത്തില്‍ വിട്ട് വീഴ്ച്ചയില്ലെന്ന് മൂന്ന് യൂണിയനുകളും ഇന്നലെയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ല എന്ന നിലപാടിലാണ് യൂണിയനുകള്‍. ഇന്നലെ ചര്‍ച്ചയില്‍ അംഗീകരിക്കാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ഉണ്ടെന്നും വിയോജിപ്പ് ഇന്ന് ചര്‍ച്ച ചെയ്യുമെന്നും സിഐടിയു പറഞ്ഞു.

അതേസമയം നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ള കാര്യങ്ങള്‍ മാനേജ്‌മെന്റും തൊഴിലാളികളും അംഗീകരിക്കേണ്ടി വരുമെന്ന് മന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കിയിരുന്നു. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും അത് എല്ലാവരും അംഗീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞ മന്ത്രി ചില കാര്യങ്ങളില്‍ യൂണിയനുകളും മാനേജ്‌മെന്റും വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും അറിയിച്ചു.

എന്നാല്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം എട്ടുമണിക്കൂര്‍ എന്നതിനു പകരം 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ആക്കാനുള്ള നീക്കം അംഗീകരിക്കാന്‍ തയ്യാര്‍ ആവില്ലെന്ന നിലപാടിലാണ് യൂണിയനുകള്‍. പകരം അധിക ഡ്യൂട്ടിക്ക് ബത്ത അനുവദിക്കുന്ന തരത്തിലേക്ക് നീങ്ങണമോ എന്ന കാര്യത്തിലടക്കം ഇന്ന് തീരുമാനമാകും.

STORY HIGHLIGHTS: Kerala Govt And KSRTC Unions To Have An Open Discussion

Next Story