Top

'സിനിമ ബഹിഷ്‌കരിക്കാന്‍ സിപിഐഎം ആഹ്വാനമില്ല'; വിരുദ്ധനിലപാടുള്ളവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും കോടിയേരി

പ്രചാരണങ്ങളിലൂടെ സിനിമ കാണുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടാക്കിയതെന്ന് കോടിയേരി.

12 Aug 2022 11:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിനിമ ബഹിഷ്‌കരിക്കാന്‍ സിപിഐഎം ആഹ്വാനമില്ല; വിരുദ്ധനിലപാടുള്ളവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും കോടിയേരി
X

'ന്നാ താന്‍ കേസ് കൊട്' സിനിമയുമായി ഉയര്‍ന്ന സൈബര്‍ ചര്‍ച്ചകളില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരെങ്കിലും ഫേസ്ബുക്കില്‍ എഴുതുന്നത് എല്ലാം സിപിഐഎമ്മിന്റെ അഭിപ്രായമാണെന്ന് വിചാരിക്കരുതെന്നും സിനിമ ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

''സിനിമ ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി ആഹ്വാനമില്ല. സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം സിപിഐഎം നിലപാടല്ല. വിരുദ്ധനിലപാടുള്ളവര്‍ പാര്‍ട്ടിയിലുണ്ടാകില്ല. ഇത്തരം പ്രചാരണങ്ങളിലൂടെ സിനിമ കാണുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടാക്കിയത്.''- കോടിയേരി പറഞ്ഞു.

സിനിമയുടെ പോസ്റ്റര്‍ വിവാദങ്ങളെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസിനോട് സംസാരിച്ചിരുന്നുവെന്ന് ഇന്നലെ നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.

''മന്ത്രി റിയാസിനോട് സംസാരിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. അതില്‍ തന്നെ മനസിലാകുന്ന കാര്യമാണ് ഏത് രീതിയിലാണ് ഇത് അദ്ദേഹം എടുത്തതെന്ന്. ഞാന്‍ അദ്ദേഹത്തെ വിളിക്കുകയല്ല ചെയ്തത്. ഒരു കോമണ്‍ ഫ്രണ്ട് ആണ് ഇങ്ങനെയൊരു വാര്‍ത്താ സമ്മേളനം അദ്ദേഹം കൊടുത്തിട്ടുണ്ടെന്ന് ഞങ്ങളെ അറിയിച്ചത്. ആ ഒരു സന്തോഷത്തിലാണ് അദ്ദേഹത്തോട് സംസാരിച്ചത്.''

സിനിമയുടെ പരസ്യത്തെ ആ നിലയില്‍ കണ്ടാല്‍ മതിയെന്നായിരുന്നു പോസ്റ്റര്‍ വിവാദങ്ങളില്‍ മുഹമ്മദ് റിയാസ് പ്രതികരിച്ചത്. വിഷയത്തെ ഗൗരവമായി കാണേണ്ട ആവശ്യമില്ലെന്നും ക്രിയാത്മകമായ നിര്‍ദേശങ്ങളും വിമര്‍ശനങ്ങളുമെല്ലാം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു റിയാസ് പറഞ്ഞിരുന്നു.

Next Story