'കോടിയേരിക്ക് ആദരാഞ്ജലി' ബോര്‍ഡുകള്‍ അഴിച്ചുമാറ്റിയ സംഭവം: ന്യൂ മാഹി എസ്ഐക്ക് സ്ഥലംമാറ്റം
ഈങ്ങയില്‍പ്പീടിക അടക്കമുള്ള പ്രദേശങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളുമാണ് കഴിഞ്ഞദിവസം രാത്രി പൊലീസ് നീക്കം ചെയ്തത്.
8 Oct 2022 3:10 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അന്തരിച്ച സിപിഐഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച് സിപിഐഎം സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കിയ സംഭവത്തില്‍ ന്യൂ മാഹി എസ്ഐ വിപിന്‍ സ്ഥലം മാറ്റം. കണ്ണൂര്‍ ഡിഎച്ച്ക്യുവിലേക്കാണ് വിപിനെ മാറ്റിയത്.
കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറാണ് നടപടി എടുത്തത്. മഹേഷ് കണ്ടമ്പത്താണ് ന്യൂ മാഹിയിലെ പുതിയ എസ്ഐ. കോടിയേരി ബാലകൃഷ്ണന്റെ ഫ്ളെക്സ് നശിപ്പിച്ചെന്ന സിപിഐഎം പ്രവര്‍ത്തകരുടെ പരാതിയിലാണ് നടപടി.
കോടിയേരിയുടെ ബാനറുകളും ബോര്‍ഡുകളും അഴിച്ചുമാറ്റിയ സംഭവത്തില്‍ പൊലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഈങ്ങയില്‍പ്പീടിക അടക്കമുള്ള പ്രദേശങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളുമാണ് മുന്നറിയിപ്പ് നല്‍കാതെ കഴിഞ്ഞദിവസം രാത്രി പൊലീസ് നീക്കം ചെയ്തത്. രാവിലെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ തലശേരി ഏരിയാ കമ്മിറ്റി അംഗം വി പി വിജേഷിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
കൂടുതല്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്താന്‍ തുടങ്ങിയതോടെ എടുത്ത ബോര്‍ഡുകള്‍ തങ്ങള്‍ തന്നെ അതേസ്ഥലത്ത് തിരിച്ചു സ്ഥാപിക്കാമെന്ന് പൊലീസുകാര്‍ സമ്മതിച്ചു. തുടര്‍ന്ന് ബോര്‍ഡുകളും ബാനറുകളും തിരിച്ചുകൊണ്ടുവച്ചതോടെ പ്രവര്‍ത്തകരും മടങ്ങി. സംഭവത്തില്‍ ന്യൂമാഹി പൊലീസിനെതിരെ ഡിവൈഎഫ്ഐ നോര്‍ത്ത് മേഖലാ സെക്രട്ടറി ഷൈന്‍ കുമാര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു.