Top

'പ്രതിപക്ഷത്തിൻ്റെ ശക്തമായ ഇടപെടലിൻ്റെ ഫലം'; സ്പീക്കറുടെ റൂളിംഗ് മാതൃകാപരമെന്ന് കെകെ രമ

'പരിഹാസ പരാമര്‍ശങ്ങള്‍, ആണത്തഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക കാലത്ത് അപരിഷ്‌കൃതമായാണ് കണക്കാക്കപ്പെടുന്നത്'

20 July 2022 7:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിപക്ഷത്തിൻ്റെ ശക്തമായ ഇടപെടലിൻ്റെ ഫലം; സ്പീക്കറുടെ റൂളിംഗ് മാതൃകാപരമെന്ന് കെകെ രമ
X

തിരുവനന്തപുരം: എം എം മണി എംഎൽഎക്കെയ്തിരായ സ്പീക്കറുടെ റൂളിംഗ് മാതൃകാപരമെന്ന് കെ കെ രമ എംഎൽഎ. നിയമസഭയിൽ എം എം മണി ഉപയോ​ഗിച്ച വാക്കുകൾ അനുചിതമായിരുന്നു. സ്പീക്കറുടെ റൂളിങ്ങിൽ അക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ഈ റൂളിംഗ് മാതൃകയാണെന്നും കെ കെ രമ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

"മാതൃകാപരമായ റൂളിംഗാണ് സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. നിയമസഭ പോലുള്ള ജനാധിപത്യ വേദിയില്‍ അത്തരത്തിലുള്ള വാക്കുകള്‍ പ്രയോഗിക്കാന്‍ പാടില്ലാത്തതാണ്. അവരവരുടെ യുക്തിക്കനുസരിച്ച് പറയേണ്ട കാര്യങ്ങളാണ്. സ്പീക്കറുടെ റൂളിംഗില്‍ അദ്ദേഹം അത് വ്യക്തമായി പറഞ്ഞിരുന്നു. അവരവരുടെ നീതി ബോധത്തിനനുസരിച്ച് ചെയ്യേണ്ടതാണ്. ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ ഈ റൂളിംഗ് മാതൃകാപരമായിരിക്കും. നിലവില്‍ ഉയര്‍ന്നു വന്ന ചര്‍ച്ചകളുടെയും പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടിലിലൂടെയുമാണ് അത്തരത്തിലുള്ള റൂളിംഗ് എടുത്തതെന്നത് മാതൃകാപരമാണ്. ആളുകള്‍ ഉപയോഗിക്കുന്ന വാക്കുകള്‍, പ്രയോഗം, ഭാഷ എന്നിവയെക്കുറിച്ചുള്ള ചിന്തയുണ്ടാകണം. ഏത് രാഷ്ട്രീയ നേതാക്കളായാലും പുരോഗമനപരമായി ഇടപെടണം. അതിനായി ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകണം. എന്നാല്‍ മാത്രമെ തിരുത്തല്‍ ഉണ്ടാകൂ." കെ കെ രമ പറഞ്ഞു.

എം എം മണി കെ കെ രമയ്ക്കെതിരെ നടത്തിയ പരാമര്‍ശവും, അതുസംബന്ധിച്ച് സഭയിലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങളും സംബന്ധിച്ച് ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് സ്പീക്കര്‍ റൂളിംഗ് ആരംഭിച്ചത്. 'കെ കെ രമയുടെ പ്രസംഗത്തെ മുന്‍നിര്‍ത്തി തുടര്‍ന്നു സംസാരിച്ച എം എം മണി നടത്തിയ പരാമര്‍ശം ആക്ഷേപകരമായതിനാല്‍ അത് ചട്ടം 307 പ്രകാരം സഭാനടപടികളില്‍ നിന്ന് നീക്കം ചെയ്യേണ്ടതാണെന്ന് നിയമസഭാംഗം അപ്പോള്‍ തന്നെ ആവശ്യപ്പെടുകയുണ്ടായി. പ്രതിപക്ഷനേതാവും, രമേശ് ചെന്നിത്തലയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ചെയര്‍ സഭയില്‍ അറിയിക്കുകയും ചെയ്തിരുന്നു.

സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് അംഗീകരിച്ചിട്ടുള്ള വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും, ചില പരാമര്‍ശങ്ങള്‍ അനുചിതവും, അസ്വീകാര്യവുമാകാം. മുമ്പ് സാധാരണയായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇന്നത്തെ കാലത്ത് ഉപയോഗിക്കാന്‍ പാടില്ലാത്തതായി കണക്കാക്കുന്നുണ്ട്. ഒരേ വാക്കിന് തന്നെ എല്ലാ സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥമാകണമെന്നില്ല

പരിഹാസ പരാമര്‍ശങ്ങള്‍, ആണത്തഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക കാലത്ത് അപരിഷ്‌കൃതമായാണ് കണക്കാക്കപ്പെടുന്നത്. അവയെല്ലാം സാമൂഹിക വളര്‍ച്ചയ്ക്ക് അനുസരിച്ച്, ജനാധിപത്യ ബോധത്തിന്റെ വികാസത്തിനും അനുസരിച്ച് ഉപേക്ഷിക്കപ്പെടേണ്ടവയാണ് എന്ന അവബോധം സമൂഹത്തിലാകെ വളര്‍ന്നുവരുന്നുണ്ട്. ജനപ്രതിനിധികളില്‍ പലര്‍ക്കും ഈ മാറ്റം വേണ്ടത്ര മനസിലാക്കാനായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം മുമ്പില്ലാത്ത വിധം സാമൂഹിക ഓഡിറ്റിങ്ങിന് ഇന്ന് വിധേയമാകുന്നുണ്ട് എന്നും എല്ലാവരും ഓര്‍ക്കണം. എം എം മണി ചെയറിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അനുചിതമായ പ്രയോഗം പിന്‍വലിക്കുമെന്ന് ചെയര്‍ പ്രതീക്ഷിക്കുന്നു', സ്പീക്കര്‍ പറഞ്ഞു. സ്പീക്കറുടെ റൂളിംഗിന് പിന്നാലെ തന്റെ പരാമര്‍ശം പിന്‍വലിക്കുകയാണെന്ന് എം എം മണി സഭയെ അറിയിച്ചു.

STORY HIGHLIGHT: KK Rema said that the Speaker's ruling is exemplary

Next Story