Top

'ടി പി ചന്ദ്രശേഖരനെ കൊന്നതും എന്നെ വിധവയാക്കിയതും സിപിഐഎം ആണ്': കെ കെ രമ

ചന്ദ്രശേഖരനെ കൊന്നിട്ടും അവര്‍ക്ക് മതിയായിട്ടില്ല. ആര്‍എംപിഐയുടെ വളര്‍ച്ച, സര്‍ക്കാരിനെതിരെ സംസാരിക്കുന്നത് വിമര്‍ശിക്കുന്നതും ഇതൊക്കെ അവരെ അസ്വസ്ഥരാക്കുന്നുണ്ട്.

14 July 2022 3:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടി പി ചന്ദ്രശേഖരനെ കൊന്നതും എന്നെ വിധവയാക്കിയതും സിപിഐഎം ആണ്: കെ കെ രമ
X

തിരുവനന്തപുരം: തന്നെ വിധവയാക്കിയത് സിപിഐഎം ആണെന്ന് കെ കെ രമ എംഎല്‍എ. ടി പി ചന്ദ്രശേഖരനെ കൊന്നത് സിപിഐഎം ആണ്. കൊന്നത് ശരിയാണെന്ന് സിപിഐഎം സ്ഥാപിക്കുകയാണ് എംഎം മണിയുടെ പ്രസ്താവനയിലൂടെ ചെയ്തതെന്നും കെ കെ രമ പ്രതികരിച്ചു. തനിക്കെതിരെ നടത്തിയ അത്യന്തം മനുഷ്യത്വരഹിതമായ പരാമര്‍ശം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പറയണമായിരുന്നു. ആര്‍എംപിയുടെ വളര്‍ച്ചയും തന്റെ പ്രസംഗവും ഉള്‍പ്പെടെ സിപിഐഎമ്മിനെ അസ്വസ്ഥരാക്കുന്നുണ്ടെന്നും കെ കെ രമ മീഡിയ വണിനോട് പ്രതികരിച്ചു.

'ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല' എന്നാണ് കെകെ രമക്കെതിരെ എംഎം മണി നിയമസഭയില്‍ പറഞ്ഞത്. പ്രസ്താവനയില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ കൂവിയിരുത്തലൊന്നും തന്റെ അടുത്ത് നടക്കില്ലെന്ന് എംഎം മണി പറഞ്ഞു. മുദ്രാവാക്യം വിളിച്ച് തോല്‍പ്പിക്കേണ്ട, താനും കുറേ മുദ്രാവാക്യം വിളിച്ചതാണെന്നും എംഎം മണി പറഞ്ഞു.

കെ കെ രമയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം-

ചന്ദ്രശേഖരനെ കൊന്നിട്ടും അവര്‍ക്ക് മതിയായിട്ടില്ല. ആര്‍എംപിഐയുടെ വളര്‍ച്ച, സര്‍ക്കാരിനെതിരെ സംസാരിക്കുന്നത് വിമര്‍ശിക്കുന്നതും ഇതൊക്കെ അവരെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ടാണ് ഒട്ടും മനുഷ്യത്വമില്ലാത്ത തരത്തിലൊരു പ്രയോഗം സഭയില്‍ വെച്ച് നടത്തിയത്. മഹതിയെന്നാണ് എന്നെ എംഎം മണി വിളിച്ചത്. ജനങ്ങള്‍ തെരഞ്ഞെടുത്ത് സഭയില്‍ എത്തിയ അംഗമാണ് ഞാന്‍.

സഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ അത്തരമൊരു പരാമര്‍ശം വേണ്ടായിരുന്നുവെന്ന് പറഞ്ഞതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. പിന്നീട് മുഖ്യമന്ത്രി വന്നപ്പോള്‍ മാപ്പ് പറയേണ്ടതില്ലായെന്ന് പറഞ്ഞിട്ടാണ് പിന്നീട് എംഎം മണി പ്രസംഗം തുടന്നത് എന്നാണ് ഞങ്ങള്‍ക്ക് ആ സഭയില്‍ നിന്നും തോന്നിയത്.

പരാമര്‍ശം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പറയണമായിരുന്നു. ഭരണപക്ഷത്തുള്ള ഒരാളെ പ്രതിപക്ഷത്തുള്ള ഒരാളാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ അത് പിന്‍വലിക്കണമെന്ന് പറയണം. അങ്ങേയറ്റം അപമാനിക്കുന്നതിന് തുല്യമാണിത്.

എന്നെ വിധവയാക്കിയത് സിപിഐഎം ആണ്. ചന്ദ്രശേഖരനെ കൊന്നത് സിപിഐഎം ആണ്. കൊന്നത് ശരിയാണെന്ന് സിപിഐഎം സ്ഥാപിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. ചന്ദ്രശേഖരനെ കൊന്നുവെന്ന് സ്ഥാപിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് കുലംകുത്തി കുലം കുത്തിയെന്ന് വീണ്ടും വീണ്ടും വിളിച്ചത്. മരിച്ചപ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് ചോദിച്ചപ്പോള്‍ അത് ഓരോരുത്തരുടെ മാനസിക നിലയ്ക്ക് അനുസരിച്ചിരിക്കും എന്ന് പറഞ്ഞതും അതിന്റെ ഭാഗമായിട്ടാണ്. അതിന്റെ തുടര്‍ച്ച തന്നെയാണിത്. സഭ രേഖയില്‍ നിന്നും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. സ്പീക്കര്‍ പരിശോധിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അത് സംഭവിക്കുമോയെന്ന് നാളെയറിയാം.

Next Story