ഇന്ധനം നിറയ്ക്കാന്‍ പണമില്ലാതെ പൊലീസ്; ചോദിച്ചിട്ട് സര്‍ക്കാര്‍ തന്നില്ലെന്ന് ഡിജിപി; തല്ക്കാലം കടമായി വാങ്ങാന്‍ നിര്‍ദേശം
9 March 2022 2:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ പണമില്ലാതെ കേരള പൊലീസ്. തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധന വിതരണം നിര്‍ത്തി. പേരൂര്‍ക്കട, എസ്എപി ക്യാമ്പ് പരിസരത്ത് പ്രവര്‍ത്തിച്ചുവരുന്ന പോലീസ് പെട്രോള്‍ പമ്പിലേക്ക് ഇന്ധനം വാങ്ങുന്നതിനായി കഴിഞ്ഞ സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ അനുവദിച്ച തുക മുഴുവന്‍ ചിലവഴിച്ചുകഴിഞ്ഞെന്ന് വ്യക്തമാക്കിയാണ് ഇന്ധന വിതരണം നിര്‍ത്തിയത്. അധികതുക അനുവദിക്കുന്നതിനുള്ള അപേക്ഷ സര്‍ക്കാര്‍ നിരാകരിക്കുകയും സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി പൊലീസ് ആസ്ഥാനത്ത് നിന്നും പുറത്തിറക്കിയ അറിയിപ്പ് വ്യക്തമാക്കുന്നു.
നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് സര്‍ക്കാര്‍ അധിക തുക അനുവദിക്കാതിരുന്നത്. ഈ സാഹചര്യത്തില്‍ പോലീസ് പമ്പില്‍ നിന്നും ഇന്ധന ലഭ്യത ഉണ്ടാകില്ല. ഈ പ്രതിസന്ധികള്‍ മറികടക്കാന്‍ യൂണിറ്റ് മേധാവികള്‍ പകരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ് എന്നും ഡിജിപിയുടെ സന്ദേശം വ്യക്തമാക്കുന്നു.
പ്രതിസന്ധി മരികടക്കാന്‍ കെഎസ്ആര്‍ടിസി കടമായി 45 ദിവസത്തേക്ക് ഇന്ധനം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ യൂണിറ്റുകള്‍ക്ക് അവരവരുടെ ഓഫീസിന് സമീപമുള്ള പ്രൈവറ്റ് പമ്പുകളില്‍ നിന്നും വകുപ്പ് വാഹനങ്ങള്‍ക്ക് കടമായി ഇന്ധനം വാങ്ങാവുന്നതാണ്. എല്ലാ യൂണിറ്റ് മേധാവികളും ഔദ്യോഗിക ഡ്യൂട്ടികള്‍ക്ക് തടസ്സം നേരിടാത്ത വിധത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനുള്ള പകരം സംവിധാനം അടിയന്തിരമായി ഏര്‍പ്പെടുത്തേണ്ടതാണ് എന്നും സന്ദേശം വ്യക്തമാക്കുന്നു.
പോലീസ് പമ്പില്‍നിന്നും ഇന്ധനലഭ്യത പുനരാരംഭിക്കുന്ന തീയതി പിറകെ അറിയിക്കുമെന്നും സന്ദേശം പറയുന്നു.
Content Highlight: kerala Police without money to refuel Thiruvananthapuram