Top

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: മൂന്ന് ഭരണസമിതി അംഗങ്ങള്‍ കീഴടങ്ങി

12 Oct 2021 2:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: മൂന്ന് ഭരണസമിതി അംഗങ്ങള്‍ കീഴടങ്ങി
X

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ആറസ്റ്റ്. സിപിഐഎം പ്രാദേശിക നേതാക്കളും മൂന്ന് മുന്‍ ഭരണ സമിതിയംഗങ്ങളെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എം ബി ദിനേശ്, എന്‍ നാരായണന്‍, എ മുഹമ്മദ് അസ്ലം എന്നിവവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അന്വേഷണ സംഘത്തിന് മുമ്പാകെ ഇവര്‍ കീഴടങ്ങുകയായിരുന്നെന്നും വിവരമുണ്ട്.

കരുവന്നുര്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് ഉള്‍പ്പെടെ നേരത്തെ നാല് പേര്‍ അറസ്റ്റിലായിരുന്നു. മുന്‍ പ്രസിഡന്റ് കെ.കെ. ദിവാകരന്‍ അടക്കമുള്ളവരെ ആയിരുന്നു നേരത്തെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ മറ്റ് മൂന്ന് വനിതകള്‍ ഉള്‍പ്പെടെ എട്ട് അംഗങ്ങള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതിലൊരാള്‍ക്കു കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിട്ടുണ്ട്. ദേഹാസ്വാസ്ഥ്യം പരിഗണിച്ചായിരുന്നു നടപടി. ബാക്കിയുള്ള ഏഴില്‍ മൂന്ന് പേരാണ് ഇപ്പോള്‍ കീഴടങ്ങിയത്.

ഭരണ സമിതിയംഗങ്ങളെ കൂടാതെ കേസിലെ മുഖ്യ പ്രതികളിലൊരാളായ കിരണ്‍ ഉള്‍പ്പെടെ നാല് പേര്‍ കൂടി അറസ്റ്റിലാവാനുണ്ട്. കിരണിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 104 കോടിയുടെ വായ്പാ ക്രമക്കേട് കണ്ടെത്തിയെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. ക്രമക്കേട് അറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ക്ക് അതിനായി സൗകര്യമൊരുക്കി കൊടുത്തുവെന്നും നടപടികളെടുത്തില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഭരണസമിതിയംഗങ്ങളെയും പ്രതി ചേര്‍ത്തിരിക്കുന്നത്.

അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷിക്കണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ബാങ്ക് മുന്‍ ജീവനക്കാരനായ എം.വി. സുരേഷ് ആണു പരാതിക്കാരന്‍. എന്നാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നതാണു സര്‍ക്കാര്‍ നിലപാട്.

Next Story