Top

'നിയമനത്തിൽ സർക്കാരിന് യാതൊരു ബന്ധവുമില്ല'; മറുപടി പറയേണ്ടത് വിസിയാണെന്ന് മന്ത്രി ആർ ബിന്ദു

17 Aug 2022 4:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമനത്തിൽ സർക്കാരിന് യാതൊരു ബന്ധവുമില്ല; മറുപടി പറയേണ്ടത് വിസിയാണെന്ന് മന്ത്രി ആർ ബിന്ദു
X

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം ഗവർണർ സ്റ്റേ ചെയ്തതിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യസ മന്ത്രി ആർ ബിന്ദു. പ്രിയ വർഗീസിൻറെ നിയമനം നടത്തിയത് സർവ്വകലാശാലയാണെന്നും ഇക്കാര്യത്തിൽ മറുപടി പറയേണ്ടത് വിസിയാണെന്നും മന്ത്രി പറഞ്ഞു. നിയമനവുമായി സർക്കാരിന് യാതൊരു വിധ ബന്ധവുമില്ല. വ്യക്തമായ ചട്ടങ്ങൾ പ്രകാരമാണ് അതത് സർവ്വകലാശാലകൾ നിയമനം നടത്തുന്നത്.

പ്രിയ വർഗീസിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് വിസി പറഞ്ഞിരുന്നു. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാൻ റാങ്ക് പട്ടിക മരവിപ്പിച്ചത്. ചാൻസലറുടെ അധികാരം ഉപയോഗിച്ചാണ് പ്രിയ വർഗീസിന്റെ നിയമനം ഗവർണർ സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് കണ്ണൂർ വൈസ് ചാൻസലറെ ഗവർണർ അറിയിച്ചിരിക്കുന്നത്.

നിയമനം റദ്ദ് ചെയ്ത ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനാണ് കണ്ണൂർ വിസിയുടെ തീരുമാനം. സർവ്വകലാശാല ചട്ടപ്രകാരം സിന്റിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി. സർവ്വകലാശാല അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടില്ല. കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടികൾ മറ്റന്നാൾ സ്വീകരിക്കും. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ക്രമക്കേടില്ല എന്നതിൽ ഉറച്ച് നിൽക്കുന്നെന്നും വിസി വ്യക്തമാക്കി.

Next Story