Top

'കുത്തിയത് ആരും കണ്ടിട്ടില്ല'; പ്രതികള്‍ക്കൊപ്പം തന്നെയെന്ന് ആവര്‍ത്തിച്ച് സുധാകരന്‍

'കൊലപാതകത്തെ അപലപിക്കണമെങ്കില്‍ കുത്തിയത് നിഖിലാണെന്ന് ബോധ്യം വരണം'

15 Jan 2022 12:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുത്തിയത് ആരും കണ്ടിട്ടില്ല; പ്രതികള്‍ക്കൊപ്പം തന്നെയെന്ന് ആവര്‍ത്തിച്ച് സുധാകരന്‍
X

ധീരജ് കൊലപാതകത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നിഖില്‍ പൈലി അടക്കമുള്ളവര്‍ നിരപരാധികളാണെന്നും അവര്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു. കൊലപാതകത്തെ അപലപിക്കണമെങ്കില്‍ കുത്തിയത് നിഖിലാണെന്ന് ബോധ്യം വരണം. നിഖിലാണെന്ന് തെളിഞ്ഞാല്‍ അപലപിക്കാന്‍ തനിക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്‍ പറഞ്ഞത്: ''ധീരജിനെ നിഖില്‍ കുത്തുന്നത് കണ്ടിട്ടില്ല. ആരാണ് കുത്തിയതെന്ന് അവിടെയുള്ളവര്‍ക്ക് അറിയില്ല. ആകസ്മികമായി നടത്തിയ ദുരന്തം കെപിസിസി അധ്യക്ഷന്റെ തലയില്‍ കെട്ടി വയ്ക്കാന്‍ ശ്രമിക്കേണ്ട. ആരാണ് കുത്തിയതെന്ന് പൊലീസ് കണ്ടെത്തണം. അതിന് മുന്‍പ് നിഖിലാണ് കുത്തിയതെന്ന് വിധി കല്‍പ്പിക്കുന്നത് പാതകമാണ്. അറസ്റ്റിലായ ബാക്കി അഞ്ച് പേരും സംഭവസമയത്ത് സ്ഥലത്ത് ഇല്ലായിരുന്നു. തോന്നിയവരെ പ്രതിയാക്കി കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ സര്‍ക്കാരിന് കനത്ത വില നല്‍കേണ്ടി വരും.''

''ഞാന്‍ കൊലപാതകത്തെ അപലപിക്കണമെങ്കില്‍ കുത്തിയത് നിഖിലാണെന്ന് ബോധ്യം വരണം. ആരാണ് കുത്തുന്നത് കണ്ടത്. ഇക്കാര്യത്തില്‍ പൊലീസിനും വ്യക്തതയില്ല. കുത്തിയത് നിഖിലാണെന്ന് തെളിഞ്ഞാല്‍ അപലപിക്കാന്‍ എനിക്ക് അറിയാം. അല്ലാതെ പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച പ്രവര്‍ത്തകനെ തള്ളി പറയാന്‍ കെപിസിസി കസേരയില്‍ ഇരുന്ന് സുധാകരന്‍ മിനകെടില്ല. അവര്‍ നിരപരാധികളാണെന്നാണ് വിശ്വാസം. അവര്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കും.''

അതേസമയം, സുധാകരന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തി.

''യാതൊരു സംഘര്‍ഷവുമില്ലാതെ സമാധാനപരമായി തിരഞ്ഞെടുപ്പ് നടന്ന കലാലയത്തില്‍ കൊല ആസൂത്രണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയും സംഘവും എത്തുകയായിരുന്നു. ഹൃദയത്തിന്റെ അറകളിലേക്ക് കത്തി കയറ്റി കൊന്ന് തള്ളിയിട്ടും ധീരജിനേയും കുടുംബത്തേയും വീണ്ടും അപമാനിക്കുന്നതാണ് സുധാകരന്റെ ഓരോ വാക്കുകളും. ഉന്നത യൂത്ത് കോണ്ഗ്രസ് കെ.എസ്.യു ജില്ലാ നേതാക്കളായ പ്രതികളെ തല്‍സ്ഥാനത്ത് നിന്ന് നീക്കുക പോലും ചെയ്യാതെ സംരക്ഷിക്കുകയും നിയമ സഹായം നല്കുകയും ചെയ്യുകയാണ്. കൊന്ന നേതാക്കള്‍ കുറ്റ സമ്മതം നടത്തിയിട്ട് പോലും ഇത്രയും ഹീനമായ കൊലപാതകത്തെ ന്യായീകരിക്കാന്‍ കെ.പി.സി.സി അധ്യക്ഷന് മടി തോന്നുന്നില്ല എന്നത് കേരളത്തിലെ സുധാകരനിസത്തിലകപ്പെട്ട കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ദുരന്തം വ്യക്തമാവുന്നു.''-ഡിവൈഎഫ്‌ഐ പറഞ്ഞു.

''കോണ്‍ഗ്രസ് അനുഭാവ കുടുംബം കൂടിയായ സഖാവ് ധീരജിന്റെ പിതാവിനെ കുറിച്ചു ഓര്‍ക്കാന്‍ പോലും സുധാകരനിസത്തിലൂടെ മാറിയ ഈ അക്രമകൂട്ടം മുതിരുന്നില്ല. കോണ്‍ഗ്രസ് അനുഭാവികള്‍ കൂടിയായ മനുഷ്യരെ ആ പാര്‍ട്ടി എങ്ങനെ കാണുന്നു എന്നതിനും സുധാകരന്‍ വന്നതിന് ശേഷം എത്ര സാധാരണ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടകന്നതെന്നതിനും കൂടിയുള്ള ഉത്തരമാണ് ഇന്നത്തെ സുധാകരന്റെ വാര്‍ത്താ സമ്മേളനം.''

''ഒറ്റ കേള്‍വിയില്‍ തന്നെ വ്യാജമാണെന്ന് ഏതൊരാള്‍ക്കും മനസിലാകുന്ന നിര്‍മ്മിത കള്ളങ്ങളുടെ പട്ടികയുമായി വാര്‍ത്താ സമ്മേളനത്തിന് വന്ന കെ.സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ നേരിടാന്‍ പോലുമാവാതെ ഉഴറുന്ന കാഴ്ചയും കണ്ടു. ഇരന്നു വാങ്ങിയ മരണമെന്ന സുധാകരന്റെ വാക്കുകള്‍ കൊലപാതകികള്‍ കോണ്ഗ്രസ് പ്രവര്‍ത്തകരാണെന്നത്തിലെ സമ്മത പത്രം കൂടിയാണ്. എന്ത് വില കൊടുത്തും തന്റെ പ്രവര്‍ത്തകരെ സംരക്ഷിച്ചു നിര്‍ത്തുമെന്ന പ്രസ്താവന പൊതു സമൂഹത്തോടും ഇന്ത്യന്‍ നിയമ വ്യവസ്ഥയോടുമുള്ള വെല്ലു വിളിയാണ്. സംസ്‌കാരം നടത്താന്‍ വീടിനോട് ചേര്‍ന്ന് ഭൂമി വാങ്ങിയത് ആ നാട് ധീരജിനെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ്. ഇതിനെയും പരിഹസിക്കുകയാണ്.'' സുധാകരന്റെയും കോണ്ഗ്രസിന്റേയും ഈ വെല്ലുവിളി കൊലപാതകികളെ സംരക്ഷിക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് അങ്ങേയറ്റം അപമാനകരവുമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

Next Story

Popular Stories