'പാര്‍ട്ടിക്കും യുഡിഎഫിനും ക്ഷീണമായി'; സുധാകരന് ഖേദം പ്രകടനം നടത്തിയത് കൊണ്ടായില്ലെന്ന് കെ മുരളീധരന്
'പാര്‍ട്ടിയുടെ അവസാന വാക്കാണ് അദ്ധ്യക്ഷന്‍ എന്നിരിക്കെ സുധാകരന് ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു'
15 Nov 2022 9:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ വിമര്‍ശനവുമായി കെ മുരളീധരന് എംപി. ആര്‍എസ്എസ് അനുകൂല പരാമര്‍ശം സുധാകരന് തിരുത്തണം. ഖേദ പ്രകടനം കൊണ്ടായില്ലെന്നും മുസ്ലീം ലീഗിനെ അടക്കം വിശ്വാസത്തില്‍ എടുത്തുള്ള തിരുത്തല്‍ ആവശ്യമാണെന്നും കെ മുരളീധരന് പറഞ്ഞു.
'നെഹ്റുവിനെ കൂട്ടുപിടിച്ചത് ശരിയായില്ല. നെഹ്റു ഒരിക്കലും ആര്‍എസ്എസിനോട് സന്ധി ചെയ്തിട്ടില്ല. ആര്‍എസ്എസ് പ്രവര്‍ത്തനവും ഭാരതീയ ജനസംഘം രൂപീകരിച്ചതും മുതല്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും അറസ്റ്റ് ചെയ്യിക്കുകയും ചെയ്തത് നെഹ്റുവാണ്. അങ്ങനെയിരിക്കെ ഇത്തരമൊരു പ്രസ്താവന കോണ്‍ഗ്രസിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കിട്ടുണ്ട്', കെ മുരളീധരന് പറഞ്ഞു.
സുധാകരന്റെ പ്രസ്താവന പാര്‍ട്ടിക്കും യുഡിഎഫിനും ക്ഷീണമായെന്ന് കെ മുരളീധരന് കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ അവസാന വാക്കാണ് അദ്ധ്യക്ഷന്‍ എന്നിരിക്കെ സുധാകരന് ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. ലീഗിനുണ്ടായിരിക്കുന്ന തെറ്റിദ്ധാരണകള്‍ തിരുത്തി യുഡിഎഫ് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്നും കെ മുരളീധരന് കൂട്ടിച്ചേര്‍ത്തു.
സുധാകരന്റെ പരാമര്‍ശങ്ങള്‍ നിഷ്പക്ഷ ആളുകള്‍ക്കിടയിലും സാധാരണ ജനങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിനോടുള്ള മതിപ്പില്‍ കോട്ടമുണ്ടാക്കിയെന്ന് മുരളീധരന് വിമര്‍ച്ചു. യാഥാര്‍ത്ഥ്യങ്ങളെ കാണാതിരിക്കാന്‍ സാധിക്കില്ല. രണ്ടാഴ്ച്ചക്കിടെ കെപിസിസി അദ്ധ്യക്ഷന്‍ നടത്തിയ പ്രസ്താവനകള്‍ യുഡിഎഫിന് ക്ഷീണമായെന്നും എംപി വ്യക്തമാക്കി.
Story highlights: K Muraleedharan criticized K Sudhakaran