Top

'ആ പ്രമേയം പാസാക്കിയ യോഗത്തില്‍ സാദിഖലി തങ്ങള്‍ പങ്കെടുത്തിട്ടുണ്ട്'; ലീഗ് വേദികളില്‍ വനിതകളെത്തുന്നത് നയത്തിന് എതിരല്ലേയെന്ന് ഐഎന്‍എല്‍

പൊതുസമൂഹത്തോടും അണികളോടും വിശദീകരണം നൽകാൻ ലീഗ് ബാധ്യസ്ഥമാണ്

15 May 2022 9:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആ പ്രമേയം പാസാക്കിയ യോഗത്തില്‍ സാദിഖലി തങ്ങള്‍ പങ്കെടുത്തിട്ടുണ്ട്; ലീഗ് വേദികളില്‍ വനിതകളെത്തുന്നത് നയത്തിന് എതിരല്ലേയെന്ന് ഐഎന്‍എല്‍
X

കോഴിക്കോട്: വിദ്യാര്‍ത്ഥിനി സ്റ്റേജിലേക്ക് പ്രവേശിക്കുന്നതിനെ സമസ്ത സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാര്‍ വിലക്കിയ സംഭവത്തില്‍ വിമര്‍ശനവുമായി ഐഎന്‍എല്‍. പൊതുവേദികളില്‍ മുതിര്‍ന്ന പെണ്‍കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന സമസ്ത നിലപാടിനോട് മുസ്ലീം ലീഗ് യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. പാർട്ടിയുടെ നിലപാട് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'പൊതുസമൂഹത്തോടും അണികളോടും വിശദീകരണം നൽകാൻ ലീഗ് ബാധ്യസ്ഥമാണ്. കാരണം, പെൺകുട്ടികളുടെ പൊതുവേദി പ്രവേശനം സമസ്തയുടെ കീഴ്വഴക്കമല്ല എന്ന് പ്രമേയത്തിലൂടെ വ്യക്തമാക്കിയ കഴിഞ്ഞദിവസത്തെ ഇസ്​ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി യോഗത്തിൽ സാദിഖലി ശിഹാബ് തങ്ങളും പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം സമസ്തയുടെ ഉപാധ്യക്ഷൻ കൂടിയാണ്. മുതിർന്ന വിദ്യാർഥികളെ മദ്റസയുമായി ബന്ധപ്പെട്ട ചടങ്ങിൽ നിന്നുപോലും മാറ്റിനിർത്തണമെന്ന നിലപാട് സമസ്ത മുറുകെ പിടിക്കുമ്പോൾ തന്നെയാണ് മുസ്‍ലിം ലീഗിന്റെ വേദികളിൽ സ്ത്രീകൾ സജീവമായി പങ്കെടുക്കുന്നതും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതുമെല്ലാം. ഇത് സമസ്തയുടെ പ്രഖ്യാപിത നയത്തിന് എതിരല്ലേ', എന്നും കാസിം ഇരിക്കൂർ ചോദിച്ചു.

പെരിന്തൽമണ്ണയിൽ മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ സർട്ടിഫിക്കറ്റ് ദാന ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെയാണ് സമസ്ത സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലീയാർ നേതാക്കളോട് പരസ്യമായി കയർത്തത്. പിന്നാലെ സംഭവം വിവാദമായതോടെ വിഷയത്തിൽ വിശദീകരണവുമായി എത്തിയ സമസ്ത നേതാക്കൾ മുസ്ലിയാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. പെൺകുട്ടിയെ അപമാനിച്ചിട്ടില്ല. പെൺകുട്ടിക്ക് ലജ്ജയുണ്ടാവാതിരിക്കാനാണ് അങ്ങനെ പറഞ്ഞത്. വലിയ പണ്ഡിതൻമാർ ഉള്ള വേദിയായിരുന്നു അത്. കുട്ടിയുടെ മാനസിക പ്രയാസം മനസിലാക്കിയാണ് എം.ടി. അബ്ദുല്ല മുസ്ലിയാരുടെ നടപടിയെന്നുമായിരുന്നു സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞത്.

STORY HIGHLIGHTS: INL asks clarification on whether the Muslim League agrees with Samastha stand

Next Story