Top

'വിശ്രമമില്ല, ടെന്‍ഷനടിച്ച് ഡ്രൈവര്‍മാര്‍ക്ക് അറ്റാക്ക് വരും'; സിംഗിള്‍ ഡ്യൂട്ടിക്കെതിരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍

" ഒന്നര മണിക്കൂര്‍ യാത്ര ചെയ്ത് വേണം ഡ്യൂട്ടിക്കെത്താന്‍. 12 മണിക്കൂര്‍ കഴിഞ്ഞ് പിന്നെ എപ്പോള്‍ പോകാനാണ്?"

30 Sep 2022 2:38 PM GMT
പ്രവീണ്‍ പുരുഷോത്തമന്‍

വിശ്രമമില്ല, ടെന്‍ഷനടിച്ച് ഡ്രൈവര്‍മാര്‍ക്ക് അറ്റാക്ക് വരും; സിംഗിള്‍ ഡ്യൂട്ടിക്കെതിരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍
X

പത്തനംതിട്ട: ഒക്ടോബര്‍ പത്തിന് ശേഷം മുഴുവന്‍ ജില്ലകളിലും സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. തിരുവനന്തപുരം പാറശ്ശാല യൂണിറ്റില്‍ നാളെ മുതല്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തും. പരിഷ്‌കരണത്തിനെതിരെ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന നിലപാടെടുത്ത കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് സമരത്തിന് മണിക്കൂറുകള്‍ക്ക് മുന്നേ തിരുത്തി. ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ടിഡിഎഫ് പിന്‍വലിച്ചു. സമരം ചെയ്യുന്നവര്‍ക്ക് സെപ്റ്റംബര്‍ മാസത്തിലെ ശമ്പളം നല്‍കില്ലെന്നും പിരിച്ചുവിടാന്‍ വരെ മടിക്കില്ലെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റും ഗതാഗതമന്ത്രി ആന്റണി രാജുവും ആവര്‍ത്തിച്ചിരുന്നു. എട്ട് മണിക്കൂറില്‍ അധികം വരുന്ന തൊഴില്‍ സമയത്തിന് രണ്ട് മണിക്കൂര്‍ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നല്‍കുമെന്നാണ് മാനേജ്‌മെന്റ് വാഗ്ദാനം. പക്ഷെ, ഡ്യൂട്ടി പരിഷ്‌കരണം അപ്രയോഗികമാണെന്ന് ഒരു വിഭാഗം ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

'12 മണിക്കൂര്‍ ഡ്യൂട്ടി ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. സമയത്ത് വീട്ടില്‍ പോകാന്‍ പറ്റില്ല. മക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ പറ്റില്ല. വീട്ടില്‍ ഭര്‍ത്താവും ഞാനും കുഞ്ഞും മാത്രമേയുള്ളൂ. എട്ട് മണിക്കൂര്‍ ഡ്യൂട്ടിയിലാണ് നമുക്ക് താല്‍പര്യം. വളരെ കഷ്ടപ്പാടാണ്. ഒന്നര മണിക്കൂര്‍ യാത്ര ചെയ്ത് വേണം ഡ്യൂട്ടിക്കെത്താന്‍. 12 മണിക്കൂര്‍ കഴിഞ്ഞ് പിന്നെ എപ്പോള്‍ പോകാനാണ്? 12 മണിക്കൂര്‍ ഡ്യൂട്ടി കഴിഞ്ഞ് പിന്നെ മൂന്ന് മണിക്കൂര്‍ യാത്ര ചെയ്യണം. ഡ്യൂട്ടി കഴിഞ്ഞ് എപ്പോള്‍ വീട്ടിലെത്തും?,' പത്തനംതിട്ട ഡിപ്പോയില്‍ കണ്ടക്ടറായി ജോലി ചെയ്യുന്ന വനിതാ ജീവനക്കാരി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

'12 മണിക്കൂര്‍ ഒരു ഡ്രൈവര്‍ വണ്ടിയോടിക്കുക എന്ന് പറയുന്നത് പാടാണ്. ഒരാഴ്ച്ച ഓടിക്കാം. ഇത് 365 ദിവസം ഓടിച്ചേ പറ്റൂ. അങ്ങനെ വരുമ്പോള്‍ ഡ്രൈവര്‍ക്ക് വിശ്രമമില്ല. നടു പ്രശ്‌നമാകും. സമാധാനമില്ല. നല്ല തിരക്കും ട്രാഫിക് ബ്ലോക്കുമുണ്ട്. ടെന്‍ഷന്‍ കൂടുതലാണ്. ഓട്ടോമാറ്റിക്കായി ഹാര്‍ട്ട് അറ്റാക്കുണ്ടാകും. ദൂരെയുള്ളവര്‍ക്ക് ഒരിക്കലും വീട്ടില്‍ പോകാന്‍ പറ്റില്ല. ആഴ്ച്ചയിലൊരിക്കലേ പറ്റൂ. കണ്ണൂര്‍കാരും കാസര്‍കോടുകാരും പത്തനംതിട്ടയില്‍ നിന്ന് എങ്ങനെ വീട്ടില്‍ പോകും. അവിടുത്തെ കാര്യങ്ങള്‍ നോക്കും. രാത്രി കിടന്നുറങ്ങാന്‍ സമയമില്ല. ഡ്യൂട്ടി രാവിലെ അഞ്ച് മണിക്കാണെങ്കില്‍ ആ സമയത്ത് ഹാജരാകണ്ടേ? വീട്ടില്‍ നിന്ന് നാല് മണിക്ക് എഴുന്നേറ്റ് വരണ്ടേ? പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.' കെഎസ്ആര്‍ടിസി ഡ്രൈവറായി ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരന്‍ ആശങ്ക പങ്കുവെച്ചു.

'ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ഇതുവരെ അഡ്ജസ്റ്റ് ചെയ്തിരുന്നു. കെഎസ്ആര്‍ടിസി വണ്ടികള്‍ക്ക് കളക്ഷനും ഉണ്ടായിരുന്നു. സിംഗിള്‍ ഡ്യൂട്ടി വരുമ്പോള്‍ ജീവനക്കാരുടെ ആത്മാര്‍ത്ഥത കുറയും. നിര്‍ബന്ധിച്ച് ഇങ്ങനെ ചെയ്യിപ്പിക്കുന്ന മാനേജ്‌മെന്റ് തീരുമാനം മനസ്സിലാകുന്നില്ല. ഈ കഴിഞ്ഞ മാസങ്ങളില്‍ 200 കോടിയായിരുന്നു വരുമാനം. എന്നിട്ട് ശമ്പളം തരാനില്ലാത്ത ആള്‍ക്കാരാണ് സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തുന്നത്. ബസുകള്‍ കുറച്ചേ ഓടുന്നുള്ളൂ. 12 മണിക്കൂര്‍ ജോലി ചെയ്യുന്നതിന് അധിക വേതനം കിട്ടുമെന്ന് ഉറപ്പില്ല. കെഎസ്ആര്‍ടിസിയുടെ കാര്യമാണ് ഒന്നും പറയാന്‍ കഴിയില്ല. നമുക്ക് കിട്ടാനുള്ളത് അവര്‍ തരില്ല. നമ്മുടെ കൈയ്യില്‍ നിന്ന് വാങ്ങാനുള്ളത് അവര്‍ കൃത്യമായി വാങ്ങും. വീട്ടില്‍ ചെല്ലുമ്പോള്‍ 10 മണി കഴിയും. പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേറ്റ് വരികയും വേണം. കുറച്ച് ദിവസമാണെങ്കില്‍ കുഴപ്പമില്ല. എന്നും ഇങ്ങനെയാണെങ്കില്‍ ബുദ്ധിമുട്ടാകും. എങ്ങനെയാണ് നടപ്പാക്കാന്‍ പോകുന്നതെന്നും പോലും ഞങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല,' മറ്റൊരു ജീവനക്കാരന്‍ പറയുന്നു.

STORY HIGHLIGHTS: impractical ksrtc employees against single duty

Next Story