ഇടുക്കിയില്‍ പൊലീസിനെ വെട്ടിച്ച് കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു; കാട് കയറി തിരച്ചില്‍
സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
30 Nov 2022 12:33 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി: മാതാപിതാക്കളെ കാണണമെന്ന ആവശ്യപ്രകാരം പൊലീസ് സംരക്ഷണയില്‍ താല്‍ക്കാലിക പരോള്‍ അനുവദിച്ച കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു. രാജാക്കാട് പൊന്മുടി സ്വദേശി കളപ്പുരയില്‍ ജോമോനാണ് രക്ഷപ്പെട്ടത്.
പൊന്മുടി വനമേഖലയിലേയ്ക്കാണ് പ്രതി രക്ഷപ്പെട്ടത്. സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പൊന്മുടി ഡാമിലൂടെ മറുകര കടന്ന് രക്ഷപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ മറുകരയിലും പൊലീസ് ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തുന്നുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് രാജാക്കാട് പൊന്മുടിയിലെ വീട്ടില്‍ ജോമോനെ എത്തിച്ചത്.
2015ല്‍ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന കൊലപാതക കേസിലെ പ്രതിയാണ് ജോമോന്. കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂര്‍ സെന്റര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയില്‍ പരോളിന് അനുമതി തേടുകയും എന്നാല്‍ പരോള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ പ്രായമായ മാതാപിതാക്കളെ കാണണമെന്ന അപേക്ഷയില്‍ കോടതി താല്‍ക്കാലിക പരോള്‍ അനുവദിക്കുകയായിരുന്നു.