Top

'വടക്കഞ്ചേരി അപകടം ഹൃദയഭേദകം'; സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ഹൈക്കോടതി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഹാജരായി

ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദേശിച്ചു

7 Oct 2022 10:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വടക്കഞ്ചേരി അപകടം ഹൃദയഭേദകം; സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ഹൈക്കോടതി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഹാജരായി
X

കൊച്ചി: വടക്കഞ്ചേരി അപകടം ഹൃദയഭേദകമെന്ന് ഹൈക്കോടതി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഹൈക്കോടതിയില്‍ ഹാജരായി. റോഡ് സുരക്ഷയുടെ മുഴുവന്‍ ഉത്തരവാദിത്തവും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കാണെന്ന് കോടതി വ്യക്തമാക്കി. റോഡിലെ അശ്രദ്ധയെ കുറിച്ച് ആശങ്കയുണ്ട്. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

അശ്രദ്ധ മൂലമുള്ള അപകടം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് എസ് ശ്രീജിത്ത് കോടതിയില്‍ അറിയിച്ചു. എന്നിട്ടും അപകടങ്ങള്‍ തുടരുകയാണല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ കുറവാണ്. 1.67 കോടി വണ്ടികള്‍ റോഡുകളിലുണ്ടെന്നും 368 ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളതെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് അമിത വേഗത പരിശോധിക്കുന്നുണ്ടെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.

റോഡില്‍ ഇറങ്ങിയാല്‍ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടമാണ് കാണുന്നതെന്ന് കോടതി പറഞ്ഞു. മിക്ക ബസുകളും നിയന്ത്രിക്കുന്നത് അധികാര കേന്ദ്രവുമായി അടുപ്പമുള്ളവരാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. വടക്കഞ്ചേരി അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് കോടതിക്ക് അറിയാമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ കുറ്റപ്പെടുത്താന്‍ അല്ല ഉദ്ദേശിച്ചതെന്നും റോഡില്‍ പുതിയൊരു സംസ്‌കാരം വേണമെന്നും ഹൈകോടതി വ്യക്തമാക്കി.

Story Highlights: High Court On Vadakkanchery Accident

Next Story