'കർശന ശിക്ഷ ഉറപ്പുവരുത്തും'; ലെെംഗിക അതിക്രമം നടത്തുന്നവർ ആരായാലും കൽതുറങ്കിൽ കിടക്കട്ടെയെന്ന് പി കെ ശ്രീമതി
കെ വി ശശികുമാറിനെതിരെ പൂർവ്വ വിദ്യാർത്ഥികൾ ഉന്നയിച്ച പീഡന പരാതിയുടെ പശ്ചാത്തലത്തിലാണ് പി കെ ശ്രീമതിയുടെ പ്രതികരണം
14 May 2022 8:57 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂർ: ലെെംഗിക അതിക്രമം നടത്തുന്നവർ ആരായാലും കൽതുറങ്കിൽ കിടക്കട്ടെയെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി. ലെെംഗിക അതിക്രമ കേസുകളിലെ പ്രതികൾക്ക് സർക്കാർ കർശനശിക്ഷ ഉറപ്പുവരുത്തുന്നുണ്ടെന്നും പി കെ ശ്രീമതി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
സിപിഐഎം പ്രാദേശിക നേതാവും നഗരസഭാംഗവുമായ മുൻ അധ്യാപകൻ കെ വി ശശികുമാറിനെതിരെ പൂർവ്വ വിദ്യാർത്ഥികൾ ഉന്നയിച്ച പീഡന പരാതിയുടെ പശ്ചാത്തലത്തിലാണ് പി കെ ശ്രീമതിയുടെ പ്രതികരണം. ദിലീപ്, വിജയ് ബാബു വിഷയങ്ങൾ ചർച്ചയായി തുടരുന്ന സാഹചര്യത്തിലാണ് പ്രതികരണമെന്നതും പ്രസക്തമാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ സർക്കാർ തീരുമാനം ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
അതേസമയം പോക്സോ കേസിൽ അറസ്റ്റിലായ കെ വി ശശികുമാറിനെ പെരിന്തൽമണ്ണ രണ്ടാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എട്ടാം തീയതി മുതൽ വയനാട്ടിൽ ഒളിവിൽ ആയിരുന്ന ശശികുമാർ ഇന്നലെ ആണ് പൊലീസ് പിടിയിലായത്. ഇന്ന് വൈദ്യ പരിശോധനകൾക്ക് ശേഷം ശശികുമാറിനെ പെരിന്തൽമണ്ണ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കി.
നിലവിൽ ഒരു പരാതി മാത്രമാണ് ശശികുമാറിനെതിരെ പൊലീസിന് മുൻപിൽ എത്തിയിട്ടുള്ളത്. അതിൽ ആണ് മൊഴി രേഖപ്പെടുത്തി പോക്സോ ചുമത്തിയിട്ടുള്ളത്. കൂടുതൽ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ അതും അന്വേഷിക്കുമെന്ന് മലപ്പുറം സി ഐ ജോബി തോമസ് പറഞ്ഞു. ശശി കുമാറിനെതിരെ അൻപതിലധികം പീഡന ആരോപണങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിച്ചത്.
മലപ്പുറം സെൻ്റ് ജമാസ് സ്കൂളിലെ അധ്യാപകനായിരുന്ന കെ വി ശശികുമാർ കഴിഞ്ഞ മാർച്ചിലാണ് വിരമിച്ചത്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമത്തിൽ ശശികുമാർ പങ്കുവെച്ച പോസ്റ്റിന്റെ തുടർച്ചയായാണ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി മീ ടു ആരോപണം ഉന്നയിച്ചത്. തുടർന്ന് മൂന്നു പതിറ്റാണ്ടിനിടെ ഒട്ടേറെ വിദ്യാർഥികളെ അധ്യാപകൻ കെ വി ശശി കുമാർ പീഡനത്തിന് ഇരയാക്കിയെന്ന പരാതികളുമായി വിദ്യാർഥികൾ രംഗത്ത് എത്തി. പതിറ്റാണ്ടുകളായി പരാതി അറിയിച്ചിട്ടും മാനേജ്മെൻ്റ് ഒന്നും ചെയ്തില്ലെന്ന ആക്ഷേപവുമായി പൂർവ വിദ്യാർഥി കൂട്ടായ്മയും രംഗത്തെത്തിയിരുന്നു.
STORY HIGHLIGHTS: government ensuring strict punishment for those accused in sexual assault cases says p k sreemathy