Top

'ജില്ലയില്‍ കാര്യമായി സംഘടന പ്രശ്നങ്ങള്‍ ഇല്ല'; നടപടിയില്‍ പ്രയാസമില്ലെന്ന് സുധാകരന്‍

8 Nov 2021 8:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജില്ലയില്‍ കാര്യമായി സംഘടന പ്രശ്നങ്ങള്‍ ഇല്ല; നടപടിയില്‍ പ്രയാസമില്ലെന്ന് സുധാകരന്‍
X

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്‍ വിഷയങ്ങള്‍ അടഞ്ഞ അധ്യായമെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. സിപിഐഎം പരസ്യമായി ശാസിച്ചതില്‍ യാതൊരു പ്രയാസവുമില്ലെന്നും ആലപ്പുഴ ജില്ലയില്‍ കാര്യമായി സംഘടന പ്രശനങ്ങള്‍ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. ജില്ലയില്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കും. അതു തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടതെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റുകാര്‍ പൊതുവെ മനസ്സിലുള്ളത് തുറന്നുപറയാറുണ്ടെന്ന് ജി സുധാകരന്‍ പറഞ്ഞു. ഒരിക്കലും സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. പാര്‍ട്ടിയിലെ തന്റെ സ്വാധീനം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ഇതുസംബന്ധിച്ച വാര്‍ത്തകളൊന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെടുത്ത എല്ലാ തീരുമാനങ്ങളോടും യോജിപ്പുണ്ട്. പാര്‍ട്ടിക്ക് അതീതരായി ആരുമില്ല എന്നത് പാര്‍ട്ടി ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ തന്റെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ സംഭവിച്ചിട്ടില്ലെന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എല്ലാ ഘട്ടത്തിലും താന്‍ സജീവമായിട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സുധാകരന്‍ സംസ്ഥാന സമിതിയില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സമിതി അംഗങ്ങള്‍ തന്റെ അഭിപ്രായങ്ങള്‍ കൂടി മുഖവിലയ്ക്ക് എടുക്കണമെന്ന ആവശ്യവും സുധാകരന്‍ മുന്നോട്ടുവെച്ചിരുന്നു. പാര്‍ട്ടി നടപടി പ്രഖ്യാപിക്കുമ്പോഴാണ് സുധാകരന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചരണത്തില്‍ വീഴ്ച വരുത്തിയെന്ന അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ജി സുധാകരനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്. മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി എച്ച് സലാമിന്റെ വിജയം ഉറപ്പിക്കുന്നതിന് ആവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നായിരുന്നു കണ്ടെത്തല്‍.

സിപിഐഎം സംഘടനാ നടപടികളുടെ ക്രമം അനുസരിച്ച് അടിസ്ഥാനപരമായ നടപടി താക്കീതാണ്, അതിന് ശേഷം ശാസന, പരസ്യശാസന, സ്ഥാനത്ത് നിന്ന് നീക്കുക എന്നിവയാണ്. ഇതില്‍ പരസ്യ ശാസനയാണ് സുധാകരനെതിരെ സിപിഐഎം സ്വീകരിച്ചിരിക്കുന്നത്. എളമരം കരീം, കെ.ജെ തോമസ് എന്നിവരുള്‍പ്പെട്ട കമ്മീഷനാണ് സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ചത്. സുധാകരന്റെ നിഷേധ സ്വഭാവം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു, എച്ച് സലാമിനെതിരായ പോസ്റ്റര്‍ പ്രചരണത്തെ പ്രതിരോധിച്ചില്ല, സ്ഥാനാര്‍ത്ഥിത്വം കിട്ടാതായപ്പോള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് സുധാകരനെതിരെയുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം. സലാമിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായിരുന്നു.

Next Story

Popular Stories