കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ രതികുമാര്‍ ഇനി മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്കുള്ള കമ്മീഷന് അംഗം; മാണി വിതയത്തിലും കമ്മീഷനില്‍
23 Jun 2022 1:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംസ്ഥാന കമ്മീഷന് പുന:സംഘടിപ്പിച്ചു. കമ്മീഷന് അദ്ധ്യക്ഷനായി മുന്‍ ഹൈക്കോടതി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ജി രതികുമാര്‍, മാണി വിതയത്തില്‍ എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന രതികുമാര്‍ ഈയടുത്താണ് പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നത്. മാണി വിതയത്തില്‍ 1999ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.
കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് വന്ന കെപി അനില്‍കുമാര്‍, കെസി റോസക്കുട്ടി ടീച്ചര്‍ എന്നിവരെയും പ്രധാന പദവികളില്‍ നിയോഗിച്ചിരുന്നു. അതിന് പിന്നാലെയാണ് രതികുമാറിനെ ഇപ്പോള്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംസ്ഥാന കമ്മീഷന് അംഗമാക്കിയത്.
കെപി അനില്‍കുമാറിനെ ഒഡെപെക് ചെയര്മാന് പദവിയിലാണ് നിയോഗിച്ചത്. കെസി റോസക്കുട്ടി ടീച്ചര്‍ ഇപ്പോള്‍ സംസ്ഥാന വനിത വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണാണ്. കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന ലതിക സുഭാഷ് ഇപ്പോള്‍ വനിത വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണാണ്.
Story Highlights: G RATHIKUMAR WHO JOINED CPIM BECOME MEMBER OF COMMISION FOR ECONOMICALLY BACKWARD IN FORWARD COMMUNITIES
- TAGS:
- CPIM
- CONGRESS
- KPCC
- G Rathikumar