മദ്യപാനത്തിനിടെ തര്‍ക്കം, വെട്ടേറ്റത് പിന് കഴുത്തില്‍; ആദിവാസി യുവാവിന്റെ കൊലപാതകത്തില്‍ സുഹൃത്ത് അറസ്റ്റില്‍
27 March 2022 9:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് ആനമൂളി വനത്തില്‍ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാലവളവ് ഊരിലെ ബാലനെ ആയിരുന്നു ഉരുളന്‍കുന്ന് വനത്തിലെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാളുടെ സുഹൃത്തായ ചന്ദ്രന് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നല്കുന്ന വിവരം. ബാലന്റെ മൃതദേഹത്തില്‍ കഴുത്തിലും തലയിലും വെട്ടേറ്റ പാടുകളുണ്ടായിരുന്നു. ഇതില്‍ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം എന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
വനവിഭവം ശേഖരിക്കാനായിരുന്നു കഴിഞ്ഞദിവസം ബാലന് സുഹൃത്തുക്കള്‍ക്കൊപ്പം ഉരുളന്‍കുന്ന് വനത്തിലേക്ക് പോയത്. പിന്നീട് കാണാതായി. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നുള്ള അന്വേഷണത്തില്‍ ബാലനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബാലന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ചന്ദ്രന് എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം, മദ്യപാനത്തിന് ഇടയില്‍ ഉണ്ടായ തര്‍ക്കത്തിന് പുറത്ത് ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പരിശോധിക്കുമെന്ന് മണ്ണാര്‍ക്കാട് ഡിവൈഎസ്പി അറിയിച്ചു. ബാലന്റെ മൃതദേഹം തുടര്‍ നടപടികള്‍ക്കായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Content Highlight: Friend arrested for murder of tribal youth palakkad mannarkkad