'രാജ്യത്തെ ആദ്യ ഐ ഐടി സ്ഥാപിതമായിട്ട് ഇന്നേക്ക് 71 വര്‍ഷം'; നെഹ്റുവാണ് സ്ഥാപിച്ചതെന്നോര്മ്മിപ്പിച്ച് വിടി ബല്‍റാം
1951 ആഗസ്ത് 18 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി മൗലാന അബ്ദുള്‍ കലാം ആസാദ് ഖരഗ്പൂര്‍ ഐഐടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
18 Aug 2022 10:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: രാജ്യത്തെ ആദ്യ ഐഐടി സ്ഥാപിതമായിട്ട് ഇന്നേക്ക് 71 വര്‍ഷമായെന്ന ഓര്‍മ്മപ്പെടുത്തലുമായി കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബല്‍റാം. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം വ്യാവസായിക രംഗത്ത് വന്‍ വികസന കുതിപ്പ് പ്രതീക്ഷിച്ച ബംഗാളില്‍ തന്നെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാര്‍ ഐഐടി സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വി ടി ബല്‍റാം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു. സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രത്തില്‍ നിന്നും നെഹ്റുവിനെ ഒഴിവാക്കി പരസ്യം നല്കിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടി നിലനില്‍ക്കെ മറ്റു ചില ബിജെപി നേതാക്കളും നെഹ്റുവിന്റെ സംഭാവനകള്‍ തിരസ്കരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് വിദ്യാഭ്യാസ രംഗത്ത് നെഹ്റുവിന്റെ സംഭവനകള്‍ ഓര്‍മ്മപ്പെടുത്തുന്ന വി ടി ബല്‍റാമിന്റെ കുറിപ്പ്.
1951 ആഗസ്ത് 18 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി മൗലാന അബ്ദുള്‍ കലാം ആസാദ് ഖരഗ്പൂര്‍ ഐഐടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-
രാജ്യത്തെ ആദ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂരില്‍ ഔപചാരികമായി സ്ഥാപിതമായത് 1951ല്‍ ഇന്നേ ദിവസമാണ്. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം വ്യാവസായിക രംഗത്ത് വന്‍ വികസനക്കുതിപ്പ് പ്രതീക്ഷിച്ചിരുന്ന ബംഗാളില്‍ത്തന്നെ ആദ്യ ഐഐടി സ്ഥാപിക്കാന്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അമേരിക്കയിലെ പ്രശസ്തമായ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ മാതൃകയില്‍ ഉന്നത നിലവാരത്തിലുള്ള സാങ്കേതികവിദ്യാ സ്ഥാപനങ്ങള്‍ ഇന്ത്യയിലും പടുത്തുയര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം.
1950 മെയ് മാസത്തില്‍ കൊല്‍ക്കത്തക്കടുത്ത് ഈസ്റ്റേണ്‍ ഹയര്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന നിലയില്‍ സ്ഥാപിതമായ ഈ സങ്കേതിക വിദ്യാഭ്യാസ സ്ഥാപനം പിന്നീട് 120 കിലോമീറ്ററോളം ദൂരത്തിലുള്ള ഖരഗ്പൂരിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. സ്വാതന്ത്ര്യ സമര കാലത്ത് സമര സേനാനികളെ തടവില്‍ പാര്‍പ്പിക്കുന്നതിനായി ബ്രിട്ടീഷുകാര്‍ പണിതുയര്‍ത്തിയ ഹില്ജി ഡീറ്റന്‍ഷന്‍ ക്യാംപിനെയാണ് ആദ്യ ഐഐടിയുടെ ക്യാംപസായി തെരഞ്ഞെടുത്തത്. 2100 ഏക്കറോളം വിസ്തൃതിയുള്ള ഈ ക്യാംപസില്‍ ഇന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരുമൊക്കെയായി 22000ഓളം പേര് താമസിക്കുന്നുണ്ട്.
1951 ആഗസ്ത് 18ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി മൗലാന അബുല്‍ കലാം ആസാദ് ഖരഗ്പൂര്‍ ഐഐടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
- TAGS:
- VT Balram
- Jawaharlal Nehru
- IIT