'പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാന്‍ സമീപിക്കുക'; ഡിവൈഎഫ്ഐയെ പരിഹസിച്ച് ഫാത്തിമ തെഹ്ലിയ
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തല്‍മണ്ണയില്‍ സിപിഐഎം ഏലംകുളം ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തില്‍ ബാനര്‍ സ്ഥാപിച്ചിരുന്നു
27 Sep 2022 9:08 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: ഡിവൈഎഫ്ഐയെ പരിഹസിച്ച് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. 'പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാന്‍ സമീപിക്കുക, ഡിവൈഎഫ്ഐ ഫുഡ് വ്ളോഗേഴ്സ്', തെഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് കൊണ്ടുള്ള ഡിവൈഎഫ്ഐ ബാനറിന് മറുപടിയായിരുന്നു തെഹ്ലിയയുടെ കുറിപ്പ്.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തല്‍മണ്ണയില്‍ സിപിഐഎം ഏലംകുളം ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തില്‍ ബാനര്‍ സ്ഥാപിച്ചിരുന്നു. പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തല്‍മണ്ണയില്‍ ബെസ്റ്റ് എന്നാണ് ബാനറിലുള്ളത്. ബാനര്‍ സ്ഥാപിച്ച കെട്ടിടത്തിന് മുന്നിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോകുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബാനറിന് മറുപടിയുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം രംഗത്തെത്തി. ബാനറിന്റെ ചിത്രം പങ്കുവെച്ച വി ടി ബല്‍റാം, 'കറുത്ത ബാനറുമായി കമ്മികള്‍, തുടുത്ത മനസുമായി ജനങ്ങള്‍' എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
മലപ്പുറം ജില്ലയിലാണ് ഇന്ന് ഭാരത് ജോഡോ യാത്രയുടെ പര്യടനം. രാവിലെ പുലാമന്തോള്‍ ജംഗ്ഷനില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം പട്ടിക്കാട് നിന്ന് ആരംഭിക്കുന്ന പദയാത്ര വൈകിട്ട് ഏഴിന് പാണ്ടിക്കാട് സമാപിക്കും. തച്ചിങ്ങനാടം ഹൈസ്ക്കൂളിലാണ് രാത്രി വിശ്രമം.
Story highlights: Fathima Thahilia mocks DYFI