Top

'ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കഴുകിക്കളയണം'; 'പ്രവാചകനിന്ദ'യിൽ മൊഈൻ അലി ശിഹാബ് തങ്ങൾ

സംഭവത്തിൽ ക്ഷമാപണം നടത്താതെ സാഹചര്യത്തെ ന്യായീകരിക്കുന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തിൽ അത്ഭുതമില്ലെന്നും "ജയ് ഹിന്ദ്" ൽ അവസാനിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വിമർശിച്ചു.

8 Jun 2022 4:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കഴുകിക്കളയണം; പ്രവാചകനിന്ദയിൽ മൊഈൻ അലി ശിഹാബ് തങ്ങൾ
X

മലപ്പുറം: മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം കഴുകിക്കളയണമെന്ന് പാണക്കാട് സയ്യിദ് മൊഈൻ അലി ശിഹാബ് തങ്ങൾ. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നുപുർ ശർമ്മ നടത്തിയ അപകീർത്തി പരാമർശം ആ​ഗോളതലത്തിൽ വിമർശിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് മൊഈൻ അലി ശിഹാബ് തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഊതിപ്പെരുപ്പിച്ച ദേശസ്നേഹികളുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഏത് സാഹചര്യത്തിലും ആളുകൾ ക്ഷമയോടെയും വൈകാരികമായി പക്വതയുള്ളവരുമായിരിക്കണം എന്നും മുസ്ലിം യൂത്ത് ലീ​ഗ് ദേശീയ ഉപാധ്യക്ഷൻ അറിയിച്ചു.

വിദ്വേഷ പ്രസംഗത്തിനെതിരെ ജനാധിപത്യ ഗവൺമെന്റിന്റെ മൗനത്തെ വിവിധ ഇസ്ലാമിക രാജ്യങ്ങളും ഒഐസിസിയും അപലപിക്കുന്നു. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന അഭിപ്രായം ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. എന്നാൽ സംഭവത്തിൽ ക്ഷമാപണം നടത്താതെ സാഹചര്യത്തെ ന്യായീകരിക്കുന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തിൽ അത്ഭുതമില്ലെന്നും "ജയ് ഹിന്ദ്" ൽ അവസാനിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വിമർശിച്ചു.

ഗ്യാന്‍വാപി വിവാദത്തില്‍ നടന്ന ചര്‍ച്ചയില്‍ ടൈംസ് നൗ ചാനലിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയുടെ അപകീര്‍ത്തികരമായ പരാമര്‍ശം. സംഭവത്തില്‍ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിട്ടുണ്ട്. പ്രവാചകനെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശം. മുസ്ലിംകള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ്മ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ നുപുര്‍ ശര്‍മ്മ മാപ്പ് പറഞ്ഞിരുന്നു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും ഖേദപ്രകടനത്തില്‍ നുപുര്‍ ശര്‍മ്മ പറഞ്ഞു. വിവാദ പരാമര്‍ശത്തിന് പിന്നാലെ നുപുര്‍ ശര്‍മ്മയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുര്‍ ശര്‍മ്മയെയും ഡല്‍ഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

"ഇന്ത്യയുടെ സമ്പന്നവും വ്യത്യസ്തവുമായ പൈതൃകത്തിൽ ഞാൻ അഭിമാനിക്കുന്നു"

നമ്മുടെ വിദ്യാർത്ഥികൾ അവരുടെ സ്കൂളുകളിൽ നിന്ന് ദിവസവും എടുക്കുന്ന പ്രതിജ്ഞയിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ കേൾക്കാം. നമ്മിൽ മാനവിക മൂല്യങ്ങൾ വളർത്തിയെടുക്കാനും ഇന്ത്യയുടെ പൈതൃകവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും നമ്മുടെ രാഷ്ട്രത്തിന്റെ മഹത്തായ ദർശകർ അത്തരം ആശയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, നമ്മുടെ രാഷ്ട്രത്തിന്റെ ഏക താൽപ്പര്യങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ അതിശയോക്തി കലർന്ന ദേശസ്നേഹികളുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും കാരണം നമ്മുടെ രാജ്യത്തിന്റെ അന്തസ്സ് ലോകത്തിന് മുന്നിൽ നഷ്ടപ്പെടുന്നു.

രാജ്യത്തിന്റെ ഓരോ ഭാഗത്തും ജനാധിപത്യത്തോടൊപ്പം മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുന്നു.

വിദ്വേഷ പ്രസംഗത്തിനെതിരെ ജനാധിപത്യ ഗവൺമെന്റിന്റെ മൗനത്തെ വിവിധ ഇസ്ലാമിക കോൺട്രികളും ഒഐസിസിയും അപലപിക്കുന്നു. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന അഭിപ്രായം പോലും ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുണ്ട്. സംഭവിച്ചതിൽ ക്ഷമാപണം നടത്തുന്നതിന് പകരം സാഹചര്യത്തെ ന്യായീകരിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിൽ അത്ഭുതമില്ല.

മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം കഴുകിക്കളയണം. അത്തരം ഏത് സാഹചര്യത്തിലും ആളുകൾ ക്ഷമയോടെയും വൈകാരികമായി പക്വതയുള്ളവരായിരിക്കണം.

ജയ് ഹിന്ദ്.

സയ്യിദ് മൊയീൻ അലി ശിഹാബ് തങ്ങൾ

Story Highlights: 'The politics that divide the people must be washed away'; Moeen Ali Shihab Thangal in Blasphemy

Next Story