Top

'മുരളീധരന്റെ പരാമര്‍ശം തെറ്റ്'; മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന് വിദേശകാര്യവകുപ്പ് ക്ലിയറന്‍സ്, രേഖ പുറത്ത്

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനമെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.

13 Oct 2022 9:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുരളീധരന്റെ പരാമര്‍ശം തെറ്റ്; മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന് വിദേശകാര്യവകുപ്പ് ക്ലിയറന്‍സ്, രേഖ പുറത്ത്
X

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം സംബന്ധിച്ച കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കുന്ന രേഖ പുറത്ത്. മുഖ്യമന്ത്രി വിദേശയാത്രകള്‍ക്ക് അനുമതി തേടുമ്പോള്‍ യുഎഇ സന്ദര്‍ശനം ഉണ്ടായിരുന്നില്ലെന്നായിരുന്നു വി. മുരളീധരന്റെ പ്രസ്താവന.

എന്നാല്‍ മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംബന്ധിച്ച് ക്ലീയറന്‍സിനായി നല്‍കിയ അപേക്ഷയില്‍ നോര്‍വേ, യുകെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ യുഎഇയില്‍ സ്വകാര്യ സന്ദര്‍ശനം നടത്തുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ അപേക്ഷക്ക് വിദേശകാര്യ വകുപ്പിന്റെ ക്ലിയറന്‍സും ലഭിച്ചിട്ടുണ്ട്. 10-ാം തീയതിയാണ് അപേക്ഷ നല്‍കിയത്. ഈ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.



2022 ഒക്‌ടോബര്‍ നാല് മുതല്‍ 12 വരെ നോര്‍വേ, യുകെ എന്നീ രാജ്യങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം സന്ദര്‍ശിക്കും. മടക്കയാത്രയില്‍ യുഎഇയില്‍ വ്യക്തിപരമായ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നുയെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കുന്നത്. യുഎഇ യാത്രയില്‍ മുഖ്യമന്ത്രിയോടൊപ്പം ഭാര്യ, മകള്‍, ചെറുമകന്‍, പിഎ എന്നിവരുമുണ്ടാകുമെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനമെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. യു.കെ, നോര്‍വേ, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു കേന്ദ്രം അനുമതി നല്‍കിയതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

നോര്‍വേ, യുകെ സന്ദര്‍ശനത്തിന് ശേഷം ഇന്നലെയാണ് മുഖ്യമന്ത്രി ദുബായില്‍ എത്തിയത്. സ്വകാര്യ സന്ദര്‍ശനമാണെന്നും പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ല. 15ന് മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തും.

Next Story