കോണ്‍ഗ്രസിലെ അതൃപ്തര്‍ ഇടതുപക്ഷത്തോട് അടുക്കും; കേരളത്തില്‍ അതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് മുഹമ്മദ് റിയാസ്
അതേസമയം ലീഗിനെ ഇടതുമുന്നണിയില്‍ എടുക്കുന്നുവെന്ന ചര്‍ച്ചകള്‍ അപക്വമാണെന്ന് സിപിഐ എംപി ബിനോയ് വിശ്വം വ്യക്തമാക്കി
11 Dec 2022 12:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്: മതനിരപേക്ഷ മനസ്സുള്ളവര്‍ യുഡിഎഫില്‍ തൃപ്തരല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. യുഡിഎഫ് നേതൃത്വം കേരളത്തില്‍ ബിജെപിയുടെ ബി ടീം ആയി പ്രവര്‍ത്തിക്കുകയാണെന്നും റിയാസ് പറഞ്ഞു. ഇത്തരത്തില്‍ അതൃപ്തിയുള്ളവര്‍ ഇടതുപക്ഷത്തേക്ക് വരുമെന്നും മന്ത്രി റിയാസ് കോഴിക്കോട് പ്രതികരിച്ചു.
'കോണ്‍ഗ്രസ് ദേശീയ അടിസ്ഥാനത്തില്‍ എടുക്കുന്ന നിലപാടിന് വിരുദ്ധമായി ബിജെപി ആഗ്രഹിക്കുന്നത് പോലുള്ള മുദ്രാവാക്യങ്ങള്‍ക്കൊപ്പം സിന്ദാബാദ് വിളിച്ചുപോകുന്നവരായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ പലരും മാറി. ഇതില്‍ കടുത്ത അസംതൃപ്തിയുണ്ട്. ആ അസ്വസ്ഥതയുടെ ഭാഗമായി ഭാവിയില്‍ ഇടതുപക്ഷത്തോട് അടുക്കും. അത് സ്വാഭാവികമാണ്. കേരളത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യമാണ്.' പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. മുസ്ലീം ലീഗ് ഇടതുമുന്നണിയിലേക്ക് എടുക്കുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് റിയാസിന്റെ പ്രതികരണം.
അതേസമയം ലീഗിനെ ഇടതുമുന്നണിയില്‍ എടുക്കുന്നുവെന്ന ചര്‍ച്ചകള്‍ അപക്വമാണെന്ന് സിപിഐ എംപി ബിനോയ് വിശ്വം വ്യക്തമാക്കി. യുഡിഎഫ് വിടില്ലെന്ന് ലീഗ് നിലപാട് പറഞ്ഞു കഴിഞ്ഞു. ഇനിയും ചര്‍ച്ച ചെയ്യുന്നത് വാര്‍ത്താ ദാരിദ്ര്യമാണ്. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും സിപിഐ നേതാവ് പറഞ്ഞു. മതനിരപേക്ഷ നിലപാടാണ് മുസ്ലീം ലീഗ് പിന്തുടരുന്നത്. പലപ്പോഴും വര്‍ഗീയമായ ചില ചാഞ്ചാട്ടങ്ങള്‍ ലീഗ് കാണിച്ചിട്ടുണ്ടെങ്കിലും അവരെ എസ്ഡിപിഐ, പിഎഫ്‌ഐ പോലെ വര്‍ഗീയ പാര്‍ട്ടിയായി കാണാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
Story Highlights: Disaffected in congress will be closer to the left said pa muhammed riyas
- TAGS:
- PA Muhammed riyas
- CONGRESS
- LDF