Top

പ്രവാസിയെ പറ്റിച്ച കേസ്; പിവി അന്‍വറിന്റേത് ക്രിമിനല്‍ കേസെന്ന് കോടതി; സിവില്‍ കേസെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി

22 Feb 2022 2:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാസിയെ പറ്റിച്ച കേസ്; പിവി അന്‍വറിന്റേത് ക്രിമിനല്‍ കേസെന്ന് കോടതി; സിവില്‍ കേസെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി
X

പ്രവാസിയില്‍ നിന്നും 50 ലക്ഷം രൂപ വെട്ടിച്ച പിവി അന്‍വര്‍ എംഎല്‍എക്കെതിരായ കേസ് സിവില്‍ കേസാണെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി.റിപ്പോര്‍ട്ട് മടക്കി അയച്ച കോടതി കേസില്‍ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. കേസില്‍ പ്രഥമ ദൃഷ്ട്യാം തെളിവുണ്ടെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഇതിന് തെളിവുകളുണ്ടെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ കേസില്‍ ക്രൈം ബ്രാഞ്ച് മലക്കം മറിയുകയാണുണ്ടായത്. ബിസിനസ് ഇടപാടുകള്‍ സംബന്ധിച്ച സിവില്‍ കേസാണിതെന്നാണ് ക്രൈം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കിയ രേഖകള്‍ മഞ്ചേരി കോടതി അംഗീകരിച്ചില്ല.

2011 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മംഗലാപുരം ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണൂരുപന്ത പഞ്ചായത്തില്‍ ക്രഷറില്‍ പങ്കാാളിത്ത വാഗ്ദാനം നല്‍കി പ്രവാസിയില്‍ നിന്നും 50 ലക്ഷം രൂപ കൈപറ്റി പിവി അന്‍വര്‍ പറ്റിച്ചു എന്നാണ് കേസ്. ക്രഷറും ഇതോടൊപ്പം 26 ഏക്കര്‍ ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും പറഞ്ഞാണ് അന്‍വര്‍ ഇടപാട് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. 10 ശതമാനം ഷെയറും അരലക്ഷം രൂപ ലാഭ വിഹിതവും വാഗ്ദാനം ചെയ്താണ് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാല്‍ പണം വാങ്ങിച്ച സമയത്ത് അന്‍വറിന്റെ പേരില്‍ മംഗലാപുരത്ത് സ്ഥലമോ വസ്തുവകകളോ ഉണ്ടായിരുന്നില്ല. ഇക്കാര്യം ക്രൈംബ്രാഞ്ചും നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസ് അന്വേഷണം വഴി തെറ്റിക്കുന്നു എന്നാരോപിച്ച് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. എന്നാല്‍ അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം പിന്നിട്ടപ്പോഴും നടപടിയെടുത്തില്ലെന്ന് കാണിച്ച് പരാതിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്നാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കിയത്.

story highlight: crime branch report in favor of PV Anwar mla denied by court

Next Story