Top

ട്വന്റി 20 മത്സരിക്കുന്നില്ലെന്ന് പറഞ്ഞത് നല്ല കാര്യമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി; 'രാഷ്ട്രീയപാര്‍ട്ടികളുടെ പോരാട്ടത്തിന്റെ ഇടയില്‍ കയറേണ്ട'

മനസാക്ഷിക്ക് അനുസരിച്ചോ രാഷ്ട്രീയസാഹചര്യത്തിന് അനുസരിച്ചോ വോട്ട് ചെയ്യാനുള്ള അവസരമാണിതെന്ന് സിപിഐഎം.

22 May 2022 10:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്വന്റി 20 മത്സരിക്കുന്നില്ലെന്ന് പറഞ്ഞത് നല്ല കാര്യമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി; രാഷ്ട്രീയപാര്‍ട്ടികളുടെ പോരാട്ടത്തിന്റെ ഇടയില്‍ കയറേണ്ട
X

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി 20 മത്സരിക്കുന്നില്ലെന്ന് പറഞ്ഞത് നല്ല കാര്യമാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളുടെ പോരാട്ടത്തിന്റെ ഇടയില്‍ കയറേണ്ടെന്നാണ് അവര്‍ തീരുമാനിച്ചത്. സ്വാഭാവികമായിട്ട് ശത്രുതയുടെ പ്രശ്‌നമുദിക്കുന്നില്ലെന്നും സിഎന്‍ മോഹനന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. 2021ല്‍ എല്‍ഡിഎഫ് വോട്ടുകളില്‍ കുറവുണ്ടായിയെന്നത് വസ്തുത തന്നെയാണെന്നും ഇത്തവണ അത് തിരിച്ചു പിടിക്കുമെന്നും സിഎന്‍ മോഹനന്‍ വ്യക്തമാക്കി.

സിഎന്‍ മോഹനന്‍ പറഞ്ഞത്: ''ആര്‍ക്കും പിന്തുണയില്ലെന്ന് പറഞ്ഞതോടെ മനസാക്ഷിക്ക് അനുസരിച്ചോ രാഷ്ട്രീയസാഹചര്യത്തിന് അനുസരിച്ചോ വോട്ട് ചെയ്യാനുള്ള അവസരമാണിത്. ഇതില്‍ തെറ്റില്ല. സിപിഐഎം ട്വന്റി 20യുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. പിന്തുണ നല്‍കുന്നില്ലെന്ന് പറഞ്ഞവരോട് പിന്നെ ചര്‍ച്ച നടത്തേണ്ട കാര്യമില്ലല്ലോ. എന്നാല്‍ തൃക്കാക്കരയിലെ വോട്ടര്‍മാരോട് വോട്ട് പരസ്യമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.''

''തൃക്കാക്കരയില്‍ 2021ല്‍ എല്‍ഡിഎഫിന് വോട്ടു കുറവുണ്ടായിയെന്നത് വസ്തുത തന്നെയാണ്. അധികമൊന്നുമില്ല, 4000 അടുത്ത് വോട്ടുകളാണ് കുറഞ്ഞത്. അത് ട്വന്റി 20 പിടിച്ചെടുത്തെന്ന് പറയേണ്ട കാര്യമില്ല. അവര്‍ പ്രബല രാഷ്ട്രീയപാര്‍ട്ടിയൊന്നുമില്ല. ഇത്തവണ തൃക്കാക്കരയില്‍ വോട്ടുകള്‍ പിരിഞ്ഞ് പോകില്ല. അത്രയും പഴുതടച്ച പ്രവര്‍ത്തനങ്ങളാണ് മുന്നണി നടത്തുന്നത്. എല്‍ഡിഎഫിനുള്ള വോട്ടും മറ്റു വോട്ടുകളും ഇത്തവണ കിട്ടും. ഉറച്ച വിജയപ്രതീക്ഷയാണ് മണ്ഡലത്തിലുള്ളത്. ട്വന്റി 20 മത്സരിക്കുന്നില്ലെന്ന് പറഞ്ഞത് നല്ല കാര്യം തന്നെയാണ്. പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളുടെ പോരാട്ടത്തിന്റെ ഇടയില്‍ കയറേണ്ടെന്ന് തീരുമാനിച്ചു. സ്വാഭാവികമായിട്ട് ശത്രുതയുടെ പ്രശ്‌നമുദിക്കുന്നില്ല.''


Next Story