Top

സുഹൈലിനെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവിനെ 'കുടുക്കിയത്' സിപിഐഎം പ്രവര്‍ത്തകര്‍; 'തുനിഞ്ഞിറങ്ങിയത്' കുട്ടിസഖാവ് ആരോപണത്തില്‍

സുഹൈലിനെ അനുകൂലിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നാണ് ജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

26 Nov 2021 7:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുഹൈലിനെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവിനെ കുടുക്കിയത് സിപിഐഎം പ്രവര്‍ത്തകര്‍; തുനിഞ്ഞിറങ്ങിയത് കുട്ടിസഖാവ് ആരോപണത്തില്‍
X

നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടി ഒത്താശയുമായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് വ്യക്തമായത് സിപിഐഎം പ്രവര്‍ത്തകരുടെ ഇടപെടലില്‍. സിപിഐഎമ്മിനെതിരെ ഉയര്‍ന്ന കുട്ടി സഖാവ് ആരോപണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷനില്‍ എത്തിയത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് തിരിച്ചറിഞ്ഞത്.

കോണ്‍ഗ്രസ് കളമശേരി ബ്ലോക്ക് സെക്രട്ടറിയും മുന്‍ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായി ടികെ ജയന്‍, കടേപ്പിള്ളി ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അഷ്‌കര്‍ എന്നീ നേതാക്കളാണ് ഒന്നാം പ്രതിയായ മുഹമ്മദ് സുഹൈലിന് വേണ്ടി സ്റ്റേഷനിലെത്തിയത്. കുട്ടി സഖാവ് ആരോപണത്തിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകര്‍ സ്റ്റേഷിലെത്തി സിസി ടിവി പരിശോധിച്ചാണ് കോണ്‍ഗ്രസുകാരെ തിരിച്ചറിഞ്ഞത്. ജയനാണ് പ്രതിക്ക് വേണ്ടി എത്തിയതെന്ന് ചില പൊലീസുകാരും നേരത്തെ സൂചിപ്പിച്ചിരുന്നു.

അതേസമയം, താന്‍ ആലുവ സ്റ്റേഷനില്‍ പോയിരുന്നു, പക്ഷെ സുഹൈലിനെ അനുകൂലിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നാണ് ജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

പ്രതികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ സ്‌റ്റേഷനില്‍ എത്തിയതില്‍ പ്രതികരണവുമായി സിപിഐഎമ്മും രംഗത്തെത്തി. കോണ്‍ഗ്രസുകാരാണ് പ്രതിക്കൊപ്പം എത്തിയതെന്ന വിവരം മറച്ചുവച്ചാണ് കേസില്‍ സിപിഐഎം ഇടപെട്ടതായി കുപ്രചാരണം നടത്തുന്നതെന്ന് പാര്‍ട്ടി ഏരിയാ സെക്രട്ടറി എ.പി ഉദയകുമാര്‍ പറഞ്ഞു. നിലവില്‍ സ്ത്രീ പീഡനക്കേസിലെ പ്രതികളും കോണ്‍ഗ്രസിനു വേണ്ടി സമര രംഗത്തുണ്ടെന്നും ഉദയകുമാര്‍ പറഞ്ഞു.

ഇതിനിടെ കേസില്‍ ആരോപണവിധേയനായ ആലുവ സിഐ സുധീറിനെതിരായ നടപടി കോണ്‍ഗ്രസിന്റെ വിജയമാണെന്ന് പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി.കോണ്‍ഗ്രസിന്റെ ചുണക്കുട്ടികള്‍ പൊരുതി നേടിയ വിജയമാണിതെന്നാണ് സുധാകരന്‍ പറഞ്ഞത്.

കെ സുധാകരന്‍ പറഞ്ഞത്: ആലുവാ സി ഐ സുധീറിന് സസ്പന്‍ഷന്‍. ഇത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികള്‍ പൊരുതി നേടിയ വിജയം. തെരുവില്‍ പ്രതിഷേധിക്കുന്നതെന്തിനെന്ന് ചോദിച്ചവര്‍ കണ്ണ് തുറന്ന് കാണേണ്ടത്. പിണറായി വിജയന്‍ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവുകളിലെ സമരത്തിനും, ജനരോഷത്തിനുമേ സാധിക്കൂ എന്ന് തെളിഞ്ഞിരിക്കുകയാണ്.

''അയാളെന്തിനാണാ കസേരയില്‍ കേറി ഇരിക്കുന്നത്? അതെന്താ വസ്തുവാണോ? സംസാരിക്കാന്‍ അറിയാത്ത സാധനം വല്ലതുമാണോ മുഖ്യമന്ത്രി?'' എന്ന് രോഷാകുലയായി ചോദിച്ച കെ എസ് യു പ്രവര്‍ത്തക മിവാ ജോളിയും, ജലപീരങ്കിയെയും ടിയര്‍ ഗ്യാസിനെയും പ്രതിരോധിച്ച് മൂവര്‍ണ്ണക്കൊടി ഉയര്‍ത്തി പ്പിടിച്ച് നീതിക്കായി പോരാടിയ ഞങ്ങളുടെ മണ്ഡലം പ്രസിഡന്റ് വര്‍ഗീസും കോണ്‍ഗ്രസിന്റെ ഈ സമരത്തിലെ മുന്നണി പോരാളികളാണ്. മോഫിയ പര്‍വീണ്‍ എന്ന പെണ്‍കുട്ടിക്ക്, നിഷേധിക്കപ്പെട്ട നീതിക്കായി ആലുവയില്‍ സമരം ചെയ്തവരുടെ പ്രതിനിധികളാണിവര്‍. യുവത്വത്തിന്റെ ചോരത്തിളപ്പും, പ്രവര്‍ത്തന പാരമ്പര്യത്തിന്റെ ഊര്‍ജ്ജസ്വലതയും ഒത്തുചേരുന്ന കോണ്‍ഗ്രസിന്റെ പുതിയ സമരമുഖങ്ങള്‍. പ്രതിക്ക് സംരക്ഷണ കവചമൊരുക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെ സമരപരമ്പരകള്‍ കൊണ്ട് തിരുത്തിയ കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട സമരഭടന്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍.Next Story

Popular Stories