വാവ സുരേഷിന് സിപിഐഎം വീട് നിർമ്മിച്ച് നൽകും; മന്ത്രി വിഎൻ വാസവൻ
കോട്ടയം അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാകും വീട് നിര്‍മ്മിച്ച് നല്‍കുക.
7 Feb 2022 8:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വാവ സുരേഷിനെ സിപിഐഎം വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന് അറിയിച്ചു. കോട്ടയം അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാകും വീട് നിര്‍മ്മിച്ച് നല്‍കുക. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് വാവ സുരേഷിന് മികച്ച ചികിത്സയാണ് നൽകിയത്. ഡോക്ടർമാരുടെ അവസരോചിതമായ ഇടപെടലാണ് വാവ സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവാനായി വാവ സുരേഷ് ആശുപത്രിവിട്ടതിന് പിന്നാലെയാണ് വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
തനിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച ചികിത്സയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ലഭിച്ചതെന്ന് ആശുപത്രി വിട്ടതിന് ശേഷം വാവ സുരേഷും പറഞ്ഞു. മന്ത്രി വി എന്‍ വാസവന് ദൈവത്തെപ്പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ആരോഗ്യത്തിനും തിരിച്ചുവരവിനും വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയെന്നും സുരേഷ് പറഞ്ഞു. ഇനി വേണ്ട കരുതലുകളോടും മുന്നൊരുക്കങ്ങളോടും കൂടിയായിരിക്കും പാമ്പുപിടിത്തമെന്നും അദ്ദേഹം മന്ത്രി വി എന്‍ വാസവന് നേരത്തെ ഉറപ്പു നല്‍കിയിരുന്നു. കുറച്ചുനാള്‍ വിശ്രമത്തിലായിരിക്കും എന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
ആറു ദിവസത്തിന് ശേഷമാണ് വാവ സുരേഷ് ഇന്ന് വീട്ടിലേക്ക് മടങ്ങുന്നത്. നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ല. കടിയേറ്റിടത്തെ മുറിവ് ഉണങ്ങാനുള്ള ആന്റി ബയോട്ടിക്കുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. മൂന്ന് ദിവസത്തിലേറെയായി ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തിയെ മൂര്‍ഖനെ പിടികൂടാനായിരുന്നു ജനുവരി 31ന് വാവാ സുരേഷ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിന്റെ മുട്ടിന് മുകളില്‍ കടിയേല്‍ക്കുകയായിരുന്നു. നാല് തവണ പാമ്പ് ചാക്കില്‍ നിന്നും പുറത്തു കടന്നു. അഞ്ചാം തവണയും ചാക്കില്‍ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്. കടിയേറ്റിട്ടും സുരേഷ് കൈയ്യില്‍ നിന്നും പിടിവിട്ടു പോയ പാമ്പിനെ പിടിച്ച ശേഷമാണ് ആശുപത്രിയിലേക്ക് പോയത്.
- TAGS:
- VN Vasavan
- Vava Suresh
- CPIM