Top

എല്‍ പി സ്‌കൂള്‍ പിടിഎ തെരഞ്ഞെടുപ്പ് നേടി സിപിഐ-ബിജെപി കൂട്ടുകെട്ട്; പരാജയം രുചിച്ച് സിപിഐഎം

ഇരുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആദ്യമായാണ് വാശിയേറിയ തെരഞ്ഞെടുപ്പ് നടക്കുന്നത്

20 July 2022 4:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്‍ പി സ്‌കൂള്‍ പിടിഎ തെരഞ്ഞെടുപ്പ് നേടി സിപിഐ-ബിജെപി കൂട്ടുകെട്ട്; പരാജയം രുചിച്ച് സിപിഐഎം
X

കൊട്ടാരക്കര: പരമ്പരാഗത രാഷ്ട്രീയ രീതികളെ പിന്തള്ളി രണ്ട് വ്യത്യസ്ത കക്ഷികളുടെ ഐക്യമാണ് വെട്ടിക്കവല ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പിടിഎ തെരഞ്ഞടുപ്പില്‍ കണ്ടത്. സ്‌കൂള്‍ പിടിഎ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികളുടെ പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ വിജയം നേടിയത് സിപിഐ-ബിജെപി കൂട്ടുകെട്ട്. അപ്രതീക്ഷിതമായ ഈ ഐക്യത്തില്‍ അടിതെറ്റിയത് സിപിഐഎമ്മിന്. ഇരുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആദ്യമായാണ് വാശിയേറിയ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യമായ് തന്നെയാകണം ഈ പുത്തന്‍ രാഷ്ട്രീയ പരീക്ഷണത്തിനും സ്‌കൂള്‍ വേദിയായതും.

സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം ബാബുവായിരുന്നു പിടിഎ പ്രസിഡന്റ്. ഇത്തവണ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. പിടിഎ തെരഞ്ഞെടുപ്പ് പിടിക്കാന്‍ ഇതോടെ സിപിഐഎം രംഗത്തിറങ്ങി. പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താന്‍ സിപിഐയും പോരാട്ടത്തിനായൊരുങ്ങി. പാര്‍ട്ടി സഹകരണ സംഘം പ്രസിഡന്റിന്റെ നേതൃത്വത്തിലിറങ്ങിയ സിപിഐഎമ്മിന് വിനയായത് സിപിഐ ബിജെപിയുമായി കൈകോര്‍ത്തതാണ്.

പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐഎം അംഗമായ അനീഷ് മത്സരിച്ചപ്പോള്‍ എതിരാളി സിപിഐ അംഗം രാജിയെ പിന്തുണച്ചത് ബിഎംഎസ് പത്തനാപുരം മണ്ഡലം ജനറല്‍ സെക്രട്ടറി ബാബുവായിരുന്നു. മത്സരത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐ വിജയിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ബിഎംഎസ് ഭാരവാഹി ബാബുവിനെ പിന്തുണച്ചത് സിപിഐ ചെങ്ങമനാട് ലോക്കല്‍ കമ്മിറ്റി അംഗം നിധീഷും വെട്ടിക്കവല ലോക്കല്‍ കമ്മിറ്റി അംഗം സെന്തിലുമാണ്. എതിരേ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന വെട്ടിക്കവല സഹകരണസംഘം പ്രസിഡന്റും സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ അനോജ് തോല്‍വി ഉറപ്പായതോടെ പിന്‍മാറി.

ഒന്‍പതംഗ പിടിഎ സമിതിയില്‍ സിപിഐഎം പ്രതിനിധികളായ രണ്ടുപേര്‍ മാത്രമാണ് വിജയിച്ചത്. മൂന്നുപേര്‍ സിപിഐയും നാലുപേര്‍ ബിജെപിയുമാണ്. മുന്നണിക്കു ചേരാത്ത കൂട്ടുകെട്ടാണ് സിപിഐയുടേതെന്നാണ് എല്‍ഡിഎഫ് പക്ഷം. മേല്‍ഘടകങ്ങളില്‍ പ്രതിഷേധം അറിയിക്കുമെന്നാണ് സിപിഐഎം പറയുന്നത്. നടപടികള്‍ ബോധപൂര്‍വ്വം വൈകിച്ച് ഭൂരിഭാഗം രക്ഷിതാക്കളും പോയശേഷം തെരഞ്ഞടുപ്പ് നടത്തിയതാണ് പരാജയകാരണം എന്നും സിപിഐഎം വിശദീകരിച്ചു.

Story Highlights: CPI-BJP Alliance Defeats CP(I)M in Kerala School PTA Election

Next Story