Top

'അയ്യോ നമ്മുടെ ഉദ്ഘാടകന്‍ വേദി വിട്ട് പോയോ, കാണുന്നില്ല'; സുധാകരന്റെ പേര് പറയാന്‍ 'മറന്ന്' തരൂര്‍

സുധാകരനും വേദിയിലുണ്ടായിരുന്നവരെ അഭിസംബോധന ചെയ്യാതെയാണ് സംസാരിച്ചത്.

27 Nov 2022 8:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അയ്യോ നമ്മുടെ ഉദ്ഘാടകന്‍ വേദി വിട്ട് പോയോ, കാണുന്നില്ല; സുധാകരന്റെ പേര് പറയാന്‍ മറന്ന് തരൂര്‍
X

കൊച്ചി: പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവ് വേദിയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പേര് പറയാന്‍ 'മറന്ന്' ശശി തരൂര്‍. സദസിലുള്ളവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സുധാകരന്റെ പേര് പറയാന്‍ തരൂര്‍ വിട്ടുപോയത്. പിന്നീട് അദ്ദേഹം സുധാകരന്റെ പേര് ഓര്‍ത്തെടുത്ത് പറയുകയും ആദ്യം വിട്ടുപോയതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. കെ സുധാകരന്‍ കോണ്‍ക്ലേവ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ശേഷമാണ് തരൂര്‍ സംസാരിച്ചത്.

'അയ്യോ നമ്മുടെ ഉദ്ഘാടകന്‍ വേദി വിട്ട് പോയെന്ന് തോന്നുന്നു, കാണുന്നില്ല. എന്തായാലും നമ്മുടെ ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റ്, അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചതായിരുന്നു ഇന്ന് രാവിലെ. വരാന്‍ അസൗകര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ നന്ദി'-തരൂര്‍ പറഞ്ഞു.

വിവാദ വിഷയങ്ങളില്‍ തൊടാതെയായിരുന്നു കെ സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചത്. സുധാകരനും വേദിയിലുണ്ടായിരുന്നവരെ അഭിസംബോധന ചെയ്യാതെയാണ് സംസാരിച്ചത്. പ്രൊഫഷണല്‍ കോണ്‍ഗ്രസിനെ കുറിച്ച് സംസാരിച്ച് പ്രസംഗം പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്തു.

''പ്രൊഫഷണലുകളുടെ കൂട്ടായ്മ പ്രതീക്ഷ നല്‍കുന്നതാണ്. പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് നല്ലതാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. വിവിധ വിഷയങ്ങളില്‍ ഇടപെട്ട് ജനത്തെ ബോധവത്കരിക്കാന്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കൊവിഡ് സമയത്തുള്‍പ്പെടെ ഇത് വ്യക്തമായതാണ്. ഉയര്‍ന്നുവരുന്ന വെല്ലുവിളികളോട് ഇടപെടാന്‍ പ്രൊഫഷണലുകള്‍ പ്രാപ്തരാണ്. അതിനുള്ള നേതൃപരമായ പങ്ക് വഹിക്കുന്നവരെ കെപിസിസി അഭിനന്ദിക്കുന്നു. നിങ്ങള്‍ക്കൊപ്പം കെപിസിസി ഉണ്ടാകും.''- കെ സുധാകരന്‍ പറഞ്ഞു

കോണ്‍ക്ലേവിന്റെ സമാപന സെഷന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഉദ്ഘാടനം ചെയ്യുന്നത്. സതീശന്‍ എത്തും മുന്‍പ് തരൂര്‍ വേദിയില്‍ നിന്ന് പോകാനാണ് സാധ്യത. നിലവിലെ തീരുമാനപ്രകാരം വൈകുന്നേരത്തെ വിമാനത്തില്‍ തരൂര്‍ തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് വിവരങ്ങള്‍.

നേരിട്ടു കാണുമ്പോള്‍ വിഡി സതീശനുമായി സംസാരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ കിന്റര്‍ ഗാര്‍ട്ടനിലെ കുട്ടികളല്ലല്ലോ എന്നാണ് തരൂര്‍ പറഞ്ഞത്. ''എല്ലാവരേയും കാണാനും സംസാരിക്കാനും എനിക്കൊരു ബുദ്ധിമുട്ടുമില്ല. എന്തെങ്കിലും ബുദ്ധിമുട്ടോ തെറ്റിദ്ധാരണയോ ഉള്ളതായി താരിഖ് അന്‍വര്‍ എന്നോട് പറഞ്ഞിട്ടില്ല. എന്റെ അറിവില്‍ എല്ലാം നന്നായി നടക്കുന്നുണ്ട്. എന്റെ ഭാഗത്തുനിന്നും പാര്‍ട്ടിയെക്കുറിച്ച് എന്തെങ്കിലും മോശം വാക്കുകള്‍ ഉണ്ടായിട്ടില്ല. എന്താണ് പ്രശ്‌നം എന്ന് എനിക്ക് മനസിലായിട്ടില്ല. വിവാദം നടക്കുന്നു എന്ന് പറയുന്നു. എന്റെ ഭാഗത്തുനിന്ന് വിവാദമോ അമര്‍ഷമോ ആരോപണമോ ഉണ്ടായിട്ടില്ല. തെറ്റ് ഉണ്ടായാലേ നോട്ടീസ് നല്‍കേണ്ടതുള്ളൂ. എനിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ല'.- അദ്ദേഹം പറഞ്ഞു.

Next Story