Top

'അത്രയേറെ മനോഹരമായിരുന്നുവെന്നാണ് സംവിധായകൻ ബ്ലെസി പറഞ്ഞത്'; വിമർശനങ്ങൾക്ക് മറുപടിയുമായി കളക്ടർ ദിവ്യ എസ് അയ്യർ

4 Nov 2022 10:50 PM GMT
പ്രവീണ്‍ പുരുഷോത്തമന്‍

അത്രയേറെ മനോഹരമായിരുന്നുവെന്നാണ് സംവിധായകൻ ബ്ലെസി പറഞ്ഞത്; വിമർശനങ്ങൾക്ക് മറുപടിയുമായി കളക്ടർ ദിവ്യ എസ് അയ്യർ
X

പത്തനംതിട്ട: മകനെ കയ്യിലേന്തി പൊതുപരിപാടിയിൽ പ്രസംഗിച്ച സംഭവത്തിലെ വിമർശനങ്ങൾക്ക് മറുപടിയുമായി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ. താൻ ഒരേ സമയം കളക്ടറും അമ്മയുമാണ്. പുതുമയുളള കാഴ്ചയായത് കൊണ്ടായിരിക്കാം രണ്ട് തരത്തിലുളള അഭിപ്രായങ്ങൾ വന്നത്. അനൗദ്യോഗിക പരിപാടിയിലാണ് മകനുമായി വേദിയിൽ പ്രസംഗിച്ചതെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും കളക്ടർ ദിവ്യ എസ് അയ്യർ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

'ചടങ്ങിൽ കുഞ്ഞിന്റെ സ്വാധീനം അവിടെയുണ്ടായിരുന്ന എല്ലാവരും ആസ്വദിച്ചുവെന്നാണ് എനിക്ക് അറിയാൻ സാധിച്ചത്. ഞായറാഴ്ചകളിലെ പൊതു പരിപാടികൾ ഏറ്റെടുക്കുമ്പോൾ തന്നെ കുഞ്ഞ് കൂടെ ഉണ്ടാവുമെന്ന കാര്യം അറിയിക്കാറുണ്ട്. എന്നാൽ അതിന്റെ അർത്ഥം അതൊരു വ്യവസ്ഥ എന്ന നിലയിലല്ല. കുഞ്ഞിനെ കൂടി കൊണ്ടുവരണം എന്ന് പറഞ്ഞുകൂടി ക്ഷണിക്കുന്നവരുമുണ്ട്.

കുഞ്ഞിനെ കയ്യിലെടുത്ത് സംസാരിച്ചതിന് ശേഷം തിരികെ കസേരയിൽ വന്ന് ഇരുന്നപ്പോൾ ഉദ്ഘാടകനായിരുന്ന സംവിധായകൻ ബ്ലെസി പറഞ്ഞത്, ഇപ്പോൾ ഇവിടെ നടന്നത് ചിത്രീകരിക്കാൻ സാധിച്ചിരുന്നെങ്കിൽ ഒരു അവാർഡ് കരസ്ഥമാക്കേണ്ട ഷോർട്ട് ഫിലിം ആയി മാറിയേനെ എന്നാണ്. ഓരോ ദിവസവും സമാന്തരമായിട്ട് നമ്മൾ പല ജീവിതങ്ങൾ ജീവിച്ച് പോവുകയാണ്. അവിടെ നടന്നത് അത്രയേറെ മനോഹമരമായിരുന്നു എന്നാണ് അദ്ദേഹം വ്യക്തിപരമായി പറഞ്ഞത്. പുതുമയുളള കാഴ്ചയായത് കൊണ്ടായിരിക്കാം രണ്ട് തരത്തിലുളള അഭിപ്രായങ്ങൾ വന്നത്'.

'പൊതുവേ 8.30യാകും ജോലി കഴിഞ്ഞ് ഓഫീസിൽ നിന്നും ഇറങ്ങാൻ. വീട്ടിൽ എത്തുമ്പോൾ കുഞ്ഞിന് വേണ്ട ഒരു ഇടം കൊടുക്കാൻ ശ്രമിക്കാറുണ്ട്. ചിലപ്പോൾ അത് സാധിക്കാറില്ല. പക്ഷെ കുഞ്ഞുങ്ങൾ അതിനോട് വളരെ പെട്ടെന്ന് പൊരുത്തപ്പെടും. എല്ലാ തലങ്ങളിലുമുളള സ്ത്രീകൾക്കും ഒരു പ്രായം വരെയുളള കുഞ്ഞുങ്ങളുടെ പരിപാലനം നിറവേറ്റേണ്ടതുണ്ട്. എന്നാൽ അത് കുടുംബം ഏറ്റെടുക്കുന്നുണ്ടെങ്കിലും ചില സമയത്ത് അമ്മയുടെ സാമിപ്യം അനിവാര്യം ആണെന്ന് നമ്മൾ മനസിലാക്കണം. അത് എല്ലായിടത്തും ഒന്ന് തന്നെയാണ്. അതിനെ ഭാഷയോ രാജ്യമോ ദേശമോ ഒന്നും തന്നെ മാറ്റിമറിക്കുന്നില്ല', കളക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു.

STORY HIGHLIGHTS: Collector Divya S Iyer responds to criticism about bringing her child in public program

Next Story