Top

'വിചാരണത്തടവുകാരെ ശിക്ഷിക്കപ്പെട്ടവരെപ്പോലെ കാണരുത്'; കോടതി ശിക്ഷിക്കുംവരെ അവര്‍ നിരപരാധികളെന്ന് മുഖ്യമന്ത്രി

ജയിലില്‍ എത്തിപ്പെടുന്നവര്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നതു പുതിയ വ്യക്തിയായിട്ടാകണമെന്നും മുഖ്യമന്ത്രി

3 Dec 2022 1:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിചാരണത്തടവുകാരെ ശിക്ഷിക്കപ്പെട്ടവരെപ്പോലെ കാണരുത്; കോടതി ശിക്ഷിക്കുംവരെ അവര്‍ നിരപരാധികളെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: അന്തേവാസികള്‍ക്ക് നിയമലംഘനം നടത്താനുള്ള ഒരു സാഹചര്യവും ജയിലുകളില്‍ സൃഷ്ടിക്കപ്പെടാന്‍ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മൊബൈല്‍ ഫോണ്‍ ഉപയോഗം, ലഹരി ഉപയോഗം തുടങ്ങി ചെറുതും വലുതുമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും ജയിലിനകത്ത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. നിയമവിധേയമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന ഉദ്യോഗസ്ഥരോടു സര്‍ക്കാരിന് മൃദുസമീപനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജയില്‍ വകുപ്പിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍, ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിലില്‍ എത്തിപ്പെടുന്നവര്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നതു പുതിയ വ്യക്തിയായിട്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റം ചെയ്തവരെ കൊടുംകുറ്റവാളികളാക്കി മാറ്റുന്ന ഒരു സാഹചര്യവും ജയിലുകളില്‍ ഉണ്ടാകാന്‍ പാടില്ല. അത്തരം പരാതികളോടു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു വിട്ടുവീഴ്ചയുണ്ടാകില്ല. വിചാരണത്തടവുകാരെ ശിക്ഷിക്കപ്പെട്ടവരെപ്പോലെ കാണുന്ന പ്രവണതയുമുണ്ടാകരുത്. കോടതി ശിക്ഷിക്കുംവരെ അവര്‍ നിരപരാധികളാണെന്ന നിലയില്‍ത്തന്നെ കാണുകയും സമീപിക്കുകയും വേണം. തടവുകാരുടെ അവകാശങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ ഒരുതരത്തിലും ലംഘിക്കാന്‍ ഇടവരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനഃശാസ്ത്രപരമായ തെറ്റുതിരുത്തല്‍ പ്രക്രിയ ആധുനിക ജയില്‍ സംവിധാനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരമൊരു തിരിച്ചറിവോടെയാണു ജയിലുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളെ നിയമിച്ചത്. ഇവരുടെ എണ്ണം കുറവാണെന്നുകണ്ടാണ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാര്‍ക്കു കറക്ഷണല്‍ സൈക്കോളജിയില്‍ പരിശീലനം നല്‍കിയത്. സംസ്ഥാനത്തെ ജയിലുകളില്‍ കാലാനുസൃതമായ വലിയ മാറ്റമുണ്ടായിട്ടുണ്ട്. വലിയ പ്രതികാര മനോഭാവത്തോടെ തടവുകാരെ സമീപിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും കൂച്ചുവിലങ്ങിടുന്ന ഒന്നായി ജയിലുകള്‍ മാറുന്ന സ്ഥിതിയായിരുന്നു അന്ന്. ഇന്ന് അത്തരം അവസ്ഥകളെല്ലാം മാറി. ഇപ്പോള്‍ ജയിലിനെക്കുറിച്ചുള്ള സങ്കല്‍പ്പംതന്നെ തെറ്റുതിരുത്തല്‍ കേന്ദ്രമെന്നതാണ്. തെറ്റുതിരുത്തല്‍ പ്രക്രിയവഴി ജയില്‍ അന്തേവാസികളെ നേരായ ജീവിതത്തിലേക്കു നയിക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. അതില്‍ മാനസാന്തരം, പുനരധിവാസം, സമൂഹ പുനഃപ്രവേശം എന്നിങ്ങനെയുള്ള രീതികളാണ് അവലംബിച്ചുവരുന്നത്. നേരത്തേ കുറ്റവാളികള്‍, തടവുപുള്ളികള്‍ എന്നൊക്കെയാണ് ജയില്‍ അന്തേവാസികളെ പറഞ്ഞിരുന്നത്. ഇപ്പോള്‍ ജയില്‍ അന്തേവാസികള്‍ എന്നു സംബോധനചെയ്യുന്നതുതന്നെ മാറ്റത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Next Story