Top

നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി; ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു

ഗവര്‍ണറുടെ തീരുമാനം കാത്തിരിക്കുകയാണ് സര്‍ക്കാര്‍.

6 Feb 2022 1:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി; ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു
X

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. ഒരു മണിക്കൂറോളമാണ് മുഖ്യമന്ത്രിയും ഗവര്‍ണറും കൂടിക്കാഴ്ച നടത്തിയത്. രാജ്ഭവനിലാണ് കൂടിക്കാഴ്ച നടന്നത്. ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മുമ്പാകെ വിശദീകരിച്ചു.

ഡിസംബര്‍ ആദ്യം സര്‍വ്വകലാശാല വിവാദത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടങ്ങിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് സര്‍ക്കാരിന് വന്‍ പ്രതിസന്ധിയാണ് തീര്‍ത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി നേരിട്ട് വിശദീകരിച്ചത്. പ്രതിപക്ഷം നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ സംബന്ധിച്ച സംശയങ്ങളാണ് കൂടിക്കാഴ്ചയില്‍ ഗവര്‍ണര്‍ ഉന്നയിച്ചത്.

നേരത്തെ ഗവര്‍ണര്‍ക്ക് രേഖാമൂലം നല്‍കിയ വിശദീകരണം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കേരള ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് മറ്റ് സംസ്ഥാനങ്ങളിലെ ലോകായുക്തകള്‍ക്ക് ഇല്ലാത്ത അധികാരം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ക്വോ വാറന്റോ റിട്ടിലൂടെ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. ഇത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉണ്ടെന്നും ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വിഷയത്തില്‍ ഇനി ഗവര്‍ണറുടെ നിലപാടാണ് നിര്‍ണായകം. ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടാല്‍ സര്‍ക്കാരിന് അത് ആശ്വാസമാകും. അങ്ങനെയെങ്കില്‍ അടുത്ത ദിവസം തന്നെ മന്ത്രിസഭാ യോഗം ചേര്‍ന്ന് നിയമസഭ വിളിച്ച് ചേര്‍ക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാം. മാര്‍ച്ചിന് മുന്‍പ് സഭ ചേര്‍ന്ന് നയപ്രഖ്യാപനം നടത്തി ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ട്. ഓര്‍ഡിനന്‍സ് തിരിച്ചയച്ചാലും അത് സര്‍ക്കാരിന് ഗുണകരമാണ്. ഒരിക്കല്‍ കൂടി അത് സമര്‍പ്പിച്ചാല്‍ ഒപ്പിടേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ട്.

മറിച്ച് ഗവര്‍ണര്‍ തീരുമാനം വൈകിപ്പിച്ചാല്‍ സര്‍ക്കാരിന് അത് കനത്ത തിരിച്ചടിയാകും. പ്രത്യേകിച്ച് ഘടകകക്ഷിയായ സിപിഐ ഓര്‍ഡിനന്‍സ് നീക്കത്തെ പരസ്യമായി എതിര്‍ക്കുന്ന സാഹചര്യത്തില്‍. പിന്നീട് ഓര്‍ഡിനന്‍സ് ശ്രമം തത്കാലം ഉപേക്ഷിച്ച് നിയമസഭാ സമ്മേളനവുമായി സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടി വരും. നിയമ ഭേദഗതി ബില്ലായി അവതരിപ്പിക്കുകയാണ് പിന്നീട് സര്‍ക്കാരിന് മുന്നുള്ള വഴി. പക്ഷെ അതിന് മുന്‍പ് മുന്നണിയില്‍ ഉള്‍പ്പെടെ ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കേണ്ടതുണ്ട്.

Next Story