Top

'കോൺ​ഗ്രസിന് ദളിത് അദ്ധ്യക്ഷൻ അനിവാര്യം'; ഖാർ​ഗെയെ പിന്തുണച്ച് ചെന്നിത്തല

'ഇന്നത്തെ രാജ്യത്തിന് ആവശ്യം പരിണിതപ്രഞ്ജനായ ഒരു നേതാവിനെയാണ്'

1 Oct 2022 8:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോൺ​ഗ്രസിന് ദളിത് അദ്ധ്യക്ഷൻ അനിവാര്യം; ഖാർ​ഗെയെ പിന്തുണച്ച് ചെന്നിത്തല
X

തിരുവനന്തപുരം: കോൺ​ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർ​ഗെയെ പിന്തുണച്ച് രമേശ് ചെന്നിത്തല. കോൺ​ഗ്രസിന് ദളിത് വിഭാ​ഗത്തിൽ നിന്ന് ഒരു പ്രസിഡന്റ് അനിവാര്യമാണ്. തരൂർ മത്സരിക്കുന്നതിൽ തെറ്റില്ല. അദ്ദേഹത്തിന് മത്സരിക്കാനുളള അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മുതിർന്ന നേതാവായ ഖാർ​ഗെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇന്നത്തെ രാജ്യത്തിന് ആവശ്യം പരിണിതപ്രഞ്ജനായ ഒരു നേതാവിനെയാണ്. ഗാന്ധി കുടുംബമാണ് എല്ലാം നയിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. കെപിസിസി നിലപാട് കെപിസിസി പ്രസിഡന്‍റ് പറയും. മുതിർന്ന നേതാക്കളെല്ലാം ഖാർ​ഗെയെ പിന്തുണച്ചു. ദലിത് കോൺഗ്രസ് പ്രസിഡന്‍റ് ഉണ്ടാകേണ്ടത് അനിവാര്യമാണ്. തരൂരിന് മത്സരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതിൽ തെറ്റില്ല. പക്ഷേ സീനിയർ നേതാവായ ഖാർ​ഗെ വരണം. സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ ഈ തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ല.' എന്ന് ചെന്നിത്തല പറഞ്ഞു.

അതേസമയം പ്രവർത്തകർക്ക് മനസാക്ഷി വോട്ട് രേഖപ്പെടുത്താമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ മല്ലികാർജുൻ ഖാർ​ഗെയും, ശശി തരൂരും യോ​ഗ്യരാണ്. ആരേയും പിന്തുണയ്ക്കാൻ വോട്ടർമാരോട് പറയില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന്റെ മുന്നോടിയായി രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജിവെച്ചിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന ജയ്പൂര്‍ സമ്മേളനത്തിലെ നയത്തിനനുസൃതമായാണ് രാജി. ഖാര്‍ഗെ രാജിവെച്ച സാഹചര്യത്തില്‍ പി ചിദംബരം, ദിഗ് വിജയ് സിങ്, മുകുള്‍ വാസ്‌നിക് എന്നിവരെയായിരിക്കും പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് പരിഗണിക്കുക. നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് രാജി.

ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള ഖാര്‍ഗെ ഏറെക്കാലം കര്‍ണാടക കാബിനറ്റ് മന്ത്രിയായിരുന്നു. 2005ല്‍ കര്‍ണാടക പിസിസി അദ്ധ്യക്ഷനായിരുന്ന ഖാര്‍ഗെ പിന്നീട് പ്രതിപക്ഷ നേതാവായി. 2009ലാണ് ആദ്യമായി ലോക്‌സഭ അംഗമാകുന്നത്. യുപിഎ മന്ത്രിസഭയില്‍ തൊഴിയില്‍ വകുപ്പ് മന്ത്രിയായി. റെയില്‍ മന്ത്രാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2014ല്‍ ലോക്‌സഭ തെരഞ്ഞെടുക്കപ്പെട്ട ഖാര്‍ഗെ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവാണ്.

STORY HIGHLIGHTS: Chennithala supported Mallikarjun Kharge

Next Story