Top

വെളളപ്പൊക്ക സാധ്യതാമേഖലകളിൽ നിന്ന് ആളുകളെ മാറ്റും; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ തുറന്നു

1077 എന്ന ട്രോള്‍ ഫ്രീ നമ്പറില്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാവുന്നതാണ്.

15 May 2022 3:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെളളപ്പൊക്ക സാധ്യതാമേഖലകളിൽ നിന്ന് ആളുകളെ മാറ്റും; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ തുറന്നു
X

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിനെ തുടർന്ന് വെളളപ്പൊക്ക സാധ്യതയുളള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിലും മഴ കനക്കുമെന്ന മുന്നറിയിപ്പുളളതിനാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.

ജില്ലാ- താലൂക്ക് തലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. 1077 എന്ന ട്രോള്‍ ഫ്രീ നമ്പറില്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ 1912 എന്ന നമ്പറില്‍ അറിയിക്കാം. നഗരത്തിലെ വെളളക്കെട്ട് നിരീക്ഷിക്കുന്നതിനായി എറണാകുളത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിലും പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

കേരളാ തീരത്ത് ഇന്നും നാളേയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തും ജാഗ്രത നിര്‍ദേശം നൽകി. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങളായ പൊന്മുടി, കല്ലാര്‍, മങ്കയം എന്നിവിടങ്ങള്‍ അടച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് അനുസരിച്ചാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചത്. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.

ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ഇന്നലെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോ​ഗത്തിൽ തീരുമാനിച്ചിരുന്നു. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനത്തിന് ആവശ്യമായ നിർദേശങ്ങളും ഇന്നലെ ചേർന്ന യോ​ഗം നൽകിയിരുന്നു.

പൊതുജനങ്ങൾക്കുളള നിർദേശങ്ങൾ,

1. പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളിൽ യാതൊരു കാരണവശാലും ഇറങ്ങാൻ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യത കൂടുതലാണ്.

2. കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം.

3. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ഉടനെ KSEB യുടെ 1912 എന്ന കണ്ട്രോൾ റൂം നമ്പറിൽ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.

4. ശബരിമലയിലെ മസാപൂജക്കായി ദർശനത്തിന് എത്തുന്നവർ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ആയിരിക്കണം ദർശനത്തിന് എത്തുന്നത്. രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.

5. മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് ഒഴിവാകുന്നത് വരെ ഒഴിവാക്കുക.

6. വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകാൻ പാടുള്ളതല്ല.

STORY HIGHLIGHTS: Chance to Heavy Rain and Thunderstorm and Control Rooms are Open in State


Next Story

Popular Stories